ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു നല്കിയ തിരിച്ചടിക്കൊപ്പം ജനക്ഷേമ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ത്തിയെന്ന് സര്‍വേ. ദല്‍ഹി ആസ്ഥാനമായുള്ള സിഎസ്ഡിഎസ്സിന്റെ ലോക്നീതി ഗവേഷണ വിഭാഗമാണ് സര്‍വേ നടത്തിയത്. റഫാല്‍ ഇടപാടിലടക്കം കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ദി ഹിന്ദു ദിനപ്പത്രം സഹകരിച്ച സര്വേയാണിതെന്നതാണ് സവിശേഷത. തിരംഗ ടിവി, ദൈനിക് ഭാസ്കര്‍ എന്നിവയും സര്‍വേയുമായി സഹകരിച്ചിരുന്നു.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നല്ക്കുന്നവര്ക്കുള്ള പത്തു ശതമാനം സംവരണം, കര്‍ഷകര്‍ക്കുള്ള പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നീ പ്രഖ്യാപനങ്ങള്‍ മോദിക്കനുകൂലമായ നിലപാടിലേക്ക് ജനങ്ങളെ നയിച്ചിട്ടുണ്ടെന്ന് ലോക്നീതി സര്‍വേ കണ്ടെത്തി. ബലാക്കോട്ട് ആക്രമണത്തിനൊപ്പം തന്നെ ജനക്ഷേമ നടപടികളേയും ജനങ്ങള്‍ അംഗീകരിച്ചു എന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്.
മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 31 വരെ 19 സംസ്ഥാനങ്ങളിലെ 101 ലോക്സഭാമണ്ഡലങ്ങള് കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ ഫലമാണ് സിഎസ്ഡിഎസ് പുറത്തു വിട്ടത്. വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് മോദിയെ 43 ശതമാനം പേര് പിന്തുണയ്ക്കുന്നു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇതേ 101 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍ ലഭിച്ചതിനേക്കാള്‍ ഏഴു പോയിന്റ് അധികമാണ് ജനപ്രീതിയില്‍ മോദിക്കുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇതേ സംസ്ഥാനങ്ങളില്‍ സര്‍വെ നടത്തിയപ്പോള്‍ മോദിക്കു ലഭിച്ചതിനേക്കാള്‍ ഒന്‍പതു പോയിന്റ് കൂടുതലാണ് ഇപ്പോള്‍ കിട്ടിയത്. 2018 അവസാനം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി നേരിട്ടിട്ടും ഇപ്പോഴും മോദിയുടെ ജനപ്രീതി ഉയരുന്നത് സവിശേഷതയായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ പിന്തുണയ്ക്കുന്നത് 24 ശതമാനമാണ്. 2018 മെയിലെ സര്‍വേയില്‍ ലഭിച്ചതിനേക്കാള്‍ ഒരു പോയിന്റ്പോലും പിന്തുണ രാഹുലിന് കൂടിയിട്ടില്ല. പ്രധാനമന്ത്രിക്കുപ്പായം തയാറാക്കി ദല്‍ഹിക്കു പറക്കാന്‍ തയാറായിരിക്കുന്ന മായാവതിക്ക് പിന്തുണ മൂന്ന് ശതമാനം. മമത ബാനര്‍ജിക്ക് രണ്ടു ശതമാനവും.
സാമ്പത്തിക സംവരണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര് പറഞ്ഞു. ഇതില്‍ 47 ശതമാനം പേര് മോദിയെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കുന്നു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ച് അറിയാം എന്നു പറഞ്ഞവരില്‍ 54 ശതമാനത്തിന്റെ പിന്തുണയും മോദിക്കാണ്. ബലാക്കോട്ട് തിരിച്ചടിയെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാവുന്നവരില് അമ്പതു ശതമാനം എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്നു.
റഫാല്‍ വിമാന ഇടപാടില്‍ അഴിമതിയുണ്ടെന്നു തെളിയിക്കാന്‍ രേഖകള്‍ പുറത്തു വിട്ട് ദി ഹിന്ദു ദിനപ്പത്രം പങ്കാളിയായ സര്‍വേയില്‍ ഇക്കാര്യത്തിലുള്ള കണ്ടെത്തല്‍ സവിശേഷമാണ്. റഫാല്‍ വിഷയം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും കരുതുന്നില്ല. റഫാല്‍ ഇടപാടില്‍ അഴിമതിയൊന്നും നടന്നിട്ടില്ല എന്ന് 41 ശതമാനം അഭിപ്രായപ്പെട്ടു. അപാകങ്ങള്‍ ഉണ്ട് എന്ന് 37 ശതമാനം പറഞ്ഞു. എന്നാല്‍ അപാകങ്ങളുണ്ടെന്നു പറഞ്ഞവരില്ത്തന്നെ 31 ശതമാനം, എന്‍ഡിഎയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ പാകത്തിന് അതു ഗൗരവമല്ലെന്നും കരുതുന്നു.
റഫാല്‍ ഇടപാടിനെക്കുറിച്ച് അറിയാം എന്നു പറഞ്ഞവരോട് മോദി അഴിമതിക്കാരനോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി അഴിമതിക്കാരനല്ലെന്ന് 44 ശതമാനം പേര് പറഞ്ഞു. മോദി അഴിമതി നടത്താന്‍ സാധ്യതയില്ല എന്നുത്തരം പറഞ്ഞത് 24 ശതമാനം പേര്. അഴിമതി നടത്തി എന്നു പറഞ്ഞത് 24 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: