പത്തനംതിട്ട: പിണറായി സര്‍ക്കാര്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നതിനിടെ പത്തനംതിട്ട ലോകസഭാ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് ഒരു നാമനിര്‍ദേശ പത്രിക കൂടി സമര്‍പ്പിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരേന്ദ്രനെ പ്രതിയാക്കി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അത് രഹസ്യമാക്കി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പത്രിക സമര്‍പ്പിച്ചത്.
ഇന്നലെ അഡ്വ. കെ. ഹരിദാസ്, അഡ്വ. അരുണ്‍പ്രകാശ്, എം.എസ്. അനില്‍കുമാര്‍ എന്നിവരാണ് സുരേന്ദ്രന് വേണ്ടി വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് മുന്‍പാകെ പത്രിക നല്‍കിയത്. ഒരു സെറ്റ് പത്രികയും പുതിയ സത്യവാങ്മൂലവുമാണ് ഇന്നലെ നല്‍കിയത്. മാര്‍ച്ച് 30നാണ് സുരേന്ദ്രന് നേരത്തെ രണ്ട് സെറ്റ് പത്രികകള്‍ നേരിട്ട് നല്‍കിയത്. അന്ന് ലഭ്യമായ വിവരം അനുസരിച്ച് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 കേസുകളുടെ വിവരങ്ങളാണ് നല്‍കിയിരുന്നത്. പിന്നീടാണ് പോലീസും സര്‍ക്കാരും ഒത്തുകളിച്ച് 220 കേസുകള്‍കൂടി സുരേന്ദ്രനുമേല്‍ കെട്ടിവച്ചത്. ഇതുവരെയുള്ള 240 കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ പുതിയ സത്യവാങ്മൂലമാണ് ഇന്നലെ സമര്‍പ്പിച്ചത്.
പത്തനംതിട്ട മണ്ഡലത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റം ഏവരേയും അമ്പരപ്പിച്ച സാഹചര്യത്തിലാണ് ചതിപ്രയോഗങ്ങളിലൂടെ സുരേന്ദ്രനെ മത്സര രംഗത്തുനിന്നും മാറ്റിനിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പുതിയ കേസുകള്‍ രഹസ്യമായി രജിസ്റ്റര്‍ ചെയ്യുകയും സൂക്ഷ്മപരിശോധനാ വേളയില്‍ പത്രിക തള്ളിപ്പോകാന്‍ അവസരം സൃഷ്ടിക്കുകയുമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: