ബെംഗളൂരു: കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ. രത്നപ്രഭ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ കലബുറഗിയില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ രത്നപ്രഭയ്ക്ക് പാര്‍ട്ടി അംഗത്വം നല്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടത്തുന്ന വികസന നേട്ടങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് രത്നപ്രഭ പറഞ്ഞു. 1981ലെ ഐഎഎസ് ബാച്ചുകാരിയാണ് രത്നപ്രഭ. സംസ്ഥാനത്തെ മൂന്നാമത്തെ വനിതാ ചീഫ് സെക്രട്ടറിയായി 2017 നവംബറിലാണ് രത്നപ്രഭ ചുമതലയേറ്റത്. കര്‍ണാടകത്തിലെ ആദ്യ ദളിത് ചീഫ് സെക്രട്ടറിയും അവരായിരുന്നു.
2018 മാര്‍ച്ചുവരെയായിരുന്നു കാലാവധി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ മൂന്നുമാസം കൂടി കാലാവധി നീട്ടി നല്കി. തുടര്‍ന്ന് 2018 ജൂണില്‍ 37 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംസ്ഥാന സര്‍വീസില്‍ നിന്ന് അവര്‍ വിരമിച്ചു. വടക്കു-പടിഞ്ഞാറന്‍ കര്‍ണാടകയിലും ഹൈദരാബാദ്-കര്‍ണാടകയിലും ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥയെന്ന നിലയില്‍ പേരെടുത്തിരുന്നു.
സംസ്ഥാനത്ത് എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍വീസില്‍ ഉദ്യോഗക്കയറ്റം ലഭിക്കാന്‍ സംവരണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് സുപ്രധാന പങ്ക് വഹിച്ചത് രത്നപ്രഭയാണ്. സംസ്ഥാനത്ത് യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു. 2016ല്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കര്‍ണാടക സമ്മിറ്റ് ലോക ശ്രദ്ധ ആകര്‍ഷിച്ചു. 1999-2000ല്‍ അമേരിക്കന്‍ ബയോഗ്രാഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച വനിതയായി തെരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ നിരവധി ദേശീയ- അന്തര്‍ദേശീയ അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: