കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നഗ്നരാക്കി ദേഹപരിശോധന നടത്തിയ സംഭവത്തില്‍ ബിഗ് ബസാര്‍ വിവാദത്തില്‍. സഹോദരിമാര്‍ക്കൊപ്പം ബസാറിലെത്തിയ കുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രി ജീവനക്കാരും സെക്യൂരിറ്റിക്കാരും ചേര്‍ന്ന് ബന്ദിയാക്കി പരിശോധന നടത്തിയത്.
ചെറുചലനങ്ങള്‍പോലും തിരിച്ചറിയാന്‍ കഴിയുന്ന സിസി ടിവി ക്യാമറകളാല്‍ ചുറ്റപ്പെട്ട ബിഗ് ബസാറില്‍നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചെന്നാണ് ആരോപണം. നാല് മണിക്കൂറോളം ബന്ദിയാക്കിയായിരുന്നു പരിശോധന. തുടര്‍ന്ന് വിട്ടയയ്ക്കപ്പെട്ടപ്പോള്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കുട്ടികള്‍ പരാതിനല്‍കി. പരാതിക്കുള്ള രസീത് നല്‍കാനോ അന്വേഷിക്കാനോ പോലീസ് കൂട്ടാക്കിയില്ല. ബിഗ് ബസാറിലെ സിസി ടിവി ക്യാമറ പരിശോധിക്കാതെയാണ് പ്രാകൃതമായ രീതിയില്‍ കുട്ടികള്‍ക്കുനേരെ സുരക്ഷാ ജീവനക്കാരുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തിയത്.
ചോക്ലേറ്റ് എടുത്തില്ലെന്ന് പറഞ്ഞിട്ടും സുരക്ഷാ ജീവനക്കാര്‍ കുട്ടികളെ മാനസികമായി പിഡിപ്പിച്ചെന്നാണ് ആക്ഷേപം. രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടികള്‍ക്ക് ബസാറില്‍ നിന്നു പുറത്തിറങ്ങാനായാത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും കുട്ടികള്‍ക്ക് ആശ്വാസകരമായ മറുപടിയല്ല പോലീസില്‍ നിന്ന് ലഭിച്ചത്. കുട്ടികളെ അധിക്ഷേപിക്കുവാനുള്ള ശ്രമമാണ് ഉണ്ടായതെന്നും അവര്‍ പരാതിപ്പെടുന്നു. ഇതിനിടയില്‍ പോലീസിനെ ഇടനില നിര്‍ത്തി ബസാര്‍ ഉടമ ചില ഒത്തുതീര്‍പ്പ് നീക്കങ്ങളും നടത്തി. എന്നാല്‍, കുട്ടികളുടെ രക്ഷിതാവ് ഇതിന് വഴങ്ങാതെ വന്നതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായത്. പരസ്യമായി അപമാനിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ജീവനക്കാര്‍ക്കെതിരെയും വെസ്റ്റ് പൊലീസിനെതിരെയും കുട്ടികള്‍ ബാലാവകാശ കമ്മീഷനിലും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: