കൊച്ചി : സംസ്ഥാനത്തെ പ്രളയദുരന്തത്തിനു കാരണം പല ഡാമുകളില്‍ നിന്ന് ഒരേ സമയം വെള്ളം തുറന്നുവിട്ടതാണെന്നും ഇത് ഡാം അതോറിറ്റിയുടെ വീഴ്ചയാണെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി (കേസുകളില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിക്കുന്ന അഭിഭാഷകന്) അഡ്വ. ജേക്കബ്. പി. അലക്സിന്റെ റിപ്പോര്‍ട്ട്. സാധാരണയുള്ള മഴയേക്കാള്‍ 40 ശതമാനം അധികമഴയാണ് ആഗസ്തില്‍ ലഭിച്ചത്. എന്നാല്‍ സംസ്ഥാനത്തെ 79 ഡാമുകളില്‍ ഒന്നു പോലും പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച എണ്ണിയെണ്ണിപ്പറയുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയാകും.
നാനൂറിലേറെപ്പേരുടെ ജീവനെടുത്ത, പ്രളയം സംബന്ധിച്ച റിപ്പോര്ട്ടിന്മേല് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കുന്നതില്‍ വന്ന കാലതാമസമാണ് മറ്റൊരു പ്രധാന കാരണം. മുന്നറിയിപ്പുകള്‍ക്ക് പ്രാധാന്യം കൊടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞുമില്ല, അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഡാമുകളുമായി ബന്ധപ്പെട്ട അടിയന്തര കര്‍മപദ്ധതിയിലെ മാര്ഗനിര്ദേശങ്ങള്ക്കനുസരിച്ചല്ല പ്രളയമുന്നറിയിപ്പുകള്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രളയദുരന്ത കാരണങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധ സമിതിയില്‍ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്മെന്റ് വിദഗ്ധന്‍, എന്‍ഞ്ചിനീയര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തണം, ഡാം മാനേജ്മെന്റ് കാര്യക്ഷമമാക്കണം, ഭാവിയില്‍ പ്രളയം നേരിടാന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കണം-റിപ്പോര്‍ട്ട് തുടരുന്നു. പ്രളയ ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരന് പ്രസിഡന്റായ ഫൗണ്ടേഷന് ഫോര്‍ റെസ്റ്റൊറേഷന് ഓഫ് നാഷണല്‍ വാല്യൂസ് നല്കിയ ഹര്‍ജികളിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
പ്രളയ ദുരന്തത്തില്‍ 433 പേര് കൊല്ലപ്പെട്ടു. 26,720 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതു നികത്താന്‍ 31,000 കോടി രൂപ വേണ്ടി വരും. റിപ്പോര്‍ട്ടില്‍ പറയുന്നു. നദികളിലെയും പുഴകളിലെയും കൈയേറ്റങ്ങള്‍ പ്രളയത്തിന്റെ പ്രഹരശേഷി കൂട്ടി. ഇതു സംബന്ധിച്ച് വിശദമായ പഠനം വേണം.
കനത്ത മഴയുണ്ടായത് ആഗസ്ത് 14 മുതല്‍ 16 വരെയാണ്. എന്നാല്‍ ഇതിനു മുന്‍പേ പല ഡാമുകളും നിറഞ്ഞിരുന്നു. ഇക്കാര്യം കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കനത്ത മഴയിലുണ്ടായ വെള്ളം സ്വീകരിക്കാന്‍ ഡാമുകള്‍ക്ക് ശേഷി ഉണ്ടായിരുന്നില്ല. ഇതോടെയാണ് പല ഡാമുകളും ഒരുമിച്ച് തുറന്ന് വിടേണ്ടിവന്നത്. ഇതു വന്‍ നാശനഷ്ടം ഉണ്ടാക്കി, റിപ്പോര്‍ട്ട് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: