തിരുവനന്തപുരം: കുടുംബയോഗങ്ങളില്‍ പങ്കെടുത്തും ജംഗ്ഷനുകളില്‍ സന്ദര്‍ശനം നടത്തിയും ജനമനസ്സുകള്‍ കീഴടക്കിയുള്ള പര്യടനമായിരുന്നു മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റേത്. രാവിലെ 7.45ന് കണ്ണമൂല ചെന്നിലോട് കോളനിയിലായിരുന്നു കുമ്മനത്തിന്റെ ആദ്യ സന്ദര്‍ശനം. സമീപത്തെ കടകളിലും വീടുകളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം കുമാരപുരത്തെ എസ്എന്‍ഡിപിയുടെ ശാഖയുടെ കീഴിലുള്ള ഗുരുദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുമ്മനത്തിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ വഴിപാടുകളും കഴിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ കടകള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചു.
കുമ്മനത്തെ അഭിവാദ്യം ചെയ്യാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ജംഗ്ഷന്, വെണ്‍പാലവട്ടം ജംഗ്ഷന്, കരിക്കകം ജംഗ്ഷന്, നാലാഞ്ചിറ ജംഗ്ഷന്, മണ്ണന്തല ജംഗ്ഷന് തുടങ്ങിയ ഇടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് കുമ്മനം എത്തി.
കരിയ്ക്കകം ക്ഷേത്രത്തിന് മുന്നിലെത്തിയ കുമ്മനത്തെ ക്ഷേത്ര ജിവനക്കാര്‍ ഷാള്‍ അണിയിച്ചു. ക്ഷേത്രത്തിന് സമീപത്തെ കല്യാണവീട്ടിലെത്തി വധുവിന് കുമ്മനം ആശംസകളും നേര്‍ന്നു. ഒരുവാതില്‍കോട്ട ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രവും, കോലത്തുകര ശിവക്ഷേത്രവും സന്ദര്‍ശിച്ചു. പള്ളിത്തുറ സെന്റ് മേരി മഗ്ദലേന്‍ ചര്‍ച്ചിലും കുമ്മനം സന്ദര്‍ശനം നടത്തി. ഫാദര്‍ ആന്റൊ ബൈജു കുമ്മനത്തെ സ്വീകരിച്ചു.
ഉച്ചയോടെ കഴക്കൂട്ടത്തെ മണ്‍വിളയില്‍ എത്തിയ കുമ്മനം ഉച്ചഭക്ഷണത്തിന് ശേഷം കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. കഴക്കൂട്ടത്തെ വിവിധ പ്രദേശങ്ങളായ മണ്‍വിളയിലും പുല്ലുകാടും രണ്ടും കുടുംബയോഗങ്ങളിലും തിപ്പെട്ടിയിലും തൃപ്പാദപുരത്തും കുടുംബയോഗത്തിലും കുമ്മനം പങ്കെടുത്തു. കൊച്ചുള്ളൂര്‍ എത്തി കൊല്ലവിളയിലും കുടുംബയോഗത്തില്‍ പങ്കെടുത്തു. തങ്ങളുടെ ജനകീയനായ സ്ഥാനാര്‍ത്ഥിയെ കാണാന്‍ നിരവധി അമ്മമാരാണ് കുടുംബയോഗങ്ങളില്‍ എത്തിയത്. ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഇതുവരെ ആയിട്ടില്ല. കേന്ദ്രം നിരവധി ക്ഷേമപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന് അറുപത് വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത്ത് അറുപത് മാസം കൊണ്ട് മോദിയ്ക്ക് ചെയ്യാന്‍ സാധിച്ചെന്നും കുമ്മനം കുടുംബയോഗങ്ങളില്‍ പറഞ്ഞു.
കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ സാമുദായിക നേതാക്കളെയും കുമ്മനം സന്ദര്‍ശിച്ചു. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ജി.വൈ പ്രമോദ്, കൗണ്‍സിലര്‍ ഹിമാ സിജി, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയാരാജിവ്, തുടങ്ങിയവര്‍ കുമ്മനത്തെ അനുഗമിച്ചു.
കുമ്മനത്തിന് മുന്നില്‍ പരാതി കെട്ടഴിച്ച് നാട്ടുകാര്‍; ഉചിതമായ പരിഹാരം കാണാമെന്ന് ഉറപ്പ്
ഒരുപാട് ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.നിരവധി രാഷ്ട്രീയക്കാരോട് ഇക്കാര്യം പറഞ്ഞതാണ്, ആരും ചെവിക്കൊണ്ടില്ല, ഇതിന് പരിഹാരം കാണണം. വലിയവേളി പൗണ്ഡ്കടവില് കുമ്മനം എത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്.
പൗണ്ട്കടവിലെ റെയില്‍വേ ക്രാേസ് മറികടക്കുമ്പോള്‍ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പരിഹാരമായി പാലം വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.നിരവധി തവണ ജനപ്രതിനിധികളുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തയ്യാറാക്കിയ നിവേദനവും കുമ്മനത്തിന് നല്കി. വിഷയത്തില്‍ ഉചിതമായ പരിഹാരം കാണാമെന്ന് കുമ്മനം നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. നിരവധി അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: