കൊച്ചി: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആരാണെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നല്കുന്ന സന്ദേശം എന്താണെന്ന് ചോദിച്ച യെച്ചൂരി, കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെക്കുറിച്ച് മിണ്ടിയില്ല. ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു.
ഹിന്ദുരാഷ്ട്രത്തിനു ശ്രമിക്കുന്ന മോദിയും ബിജെപിയുമാണോ മതേതര ബദലിന് ശ്രമിക്കുന്ന ഇടതുപക്ഷമാണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു. സൈന്യത്തിന്റേയും ശാസ്ത്രലോകത്തിന്റേയും നേട്ടങ്ങള്‍ ഭരണ നേട്ടമായി പറയുകയാണ് പ്രധാനമന്ത്രി മോദി.
രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് പറഞ്ഞ മോദി ബാരാക്കോട്ട് ആക്രമണത്തിനു ശേഷം ആകാശകാവല്ക്കാരനാണെന്ന് പറഞ്ഞു. മിസൈല്‍ പരീക്ഷണത്തിനു ശേഷം ബഹിരാകാശ കാവല്‍ക്കാരനാണെന്ന് പറഞ്ഞു. അഞ്ചുവര്‍ഷം കാവല്‍ക്കാരനായി. ഇനി ബഹിരാകാശത്തു നിന്നോളൂ, ഇന്ത്യയെ ഞങ്ങള്‍ക്ക് വിട്ടുതരൂ, യെച്ചൂരി പറഞ്ഞു.
ഇന്നലെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകട പത്രികയെക്കുറിച്ച് ഒന്നും പറയാന്‍ തയാറായില്ല. യെച്ചൂരിക്ക് മുമ്പ് സംസാരിച്ച സ്വരാജ് എംഎല്‍എ രാഹുല്‍ ഗാന്ധി കഴിവുകെട്ടവനാണെന്നും പ്രിയങ്കയുടെ മൂക്കും മുടിയും സാരിയുമാണ് കോണ്‍ഗ്രസുകാര്‍തന്നെ ചര്‍ച്ചയാക്കുന്നത് എന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: