തിരുവനന്തപുരം: ലൂസിഫർ സിനിമയുടെ പരസ്യ ചിത്രത്തിനെതിരെ പരാതി നൽകിയ അസോസിയേഷൻ നടപടിയിൽ പോലീസുകാരുടെ പ്രതിഷേധം. മോഹൻലാൽ പോലീസുകാരെ ചവുട്ടി നിൽക്കുന്ന ചിത്രം പോലീസുകാരെ അപമാനിച്ചു എന്നാരോപിച്ചാണ് കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ അസോസിയേഷനെതിരെ പോലീസുകാർ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാർ പോലീസുകാരെ സ്റ്റേഷനിൽ കയറി മർദ്ദിച്ചിട്ടും മിണ്ടാത്തവർ ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്തിനെന്നും പോലീസുകാർ ചോദിക്കുന്നു.
‘എന്ത് പ്രഹസനമാണ് ….പീജീ?* എന്ന് തുടങ്ങുന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ. സിനിമയിലെ സാങ്കല്പികമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കേവലം അഭിനയ രംഗം കണ്ട് ചോര തിളച്ചാണോ ഈ നിവേദനം തയ്യാറാക്കിയത്. ഒരാഴ്ച മുന്നേ പൂന്തുറ പോലിസ് സ്റ്റേഷനിലെ എസ്.ഐ. ശൈലേന്ദ്ര പ്രസാദിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനമിടിപ്പിച്ചു ചോരലയൊലിപ്പിച്ചപ്പോൾ ഈ പ്രതികരണം കണ്ടില്ലല്ലോ? അവിടെ അഭിനയമായിരുന്നില്ല യഥാർത്ഥത്തിൽ സംഭവിച്ചതല്ലേ? പക്ഷെ അദ്ദേഹം അഭിനയിച്ചതാണെന്നു വിധി കൽപ്പിച്ചു നിങ്ങൾ സസ്‌പെൻഷൻ എന്ന അവാർഡും നൽകി അംഗീകരിച്ചു. എസ്ഐയെ ആക്രമിച്ചതിനും സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസ് എടുക്കാതെ സ്റ്റേഷന് പുറത്ത് ഉപരോധം നടത്തിയെന്ന് കാണിച്ച് അക്രമികൾക്ക് ജാമ്യം കിട്ടുന്നതിനുതകുന്ന വകുപ്പുകളും ചാർത്തി നൽകിയപ്പോഴും സംഘടന പ്രതികരിച്ചില്ലല്ലോ? ദിവസങ്ങൾക്കു മുൻപ് എസ്എപി ക്യാമ്പിലെ കുഞ്ഞനുജനായ ശരത്തിന് നേരെ എസ്എഫ്ഐ നേതാക്കളുടെ മർദ്ദനമുണ്ടായിട്ടും നിങ്ങൾക്കു വേദനിച്ചില്ലല്ലേ? തിരൂർ ബ്ലോക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് തടഞ്ഞ എസ്ഐ ഗോപാലകൃഷ്ണനെ ഡിവൈഎഫ്ഐ നേതാവ് മുഖത്തടിക്കുന്ന ചിത്രം മാധ്യമങ്ങളിലെല്ലാം വന്നിട്ടും നിങ്ങൾ പ്രതികരിച്ചില്ലല്ലോ? കൊട്ടാരക്കരയിൽ മദ്യപിച്ചെത്തിയ കുട്ടി സഖാക്കൾ പോലീസിനെ മർദ്ദിച്ച വാർത്ത കേട്ടിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ? പോലീസുകാർ മർദ്ദനമേറ്റു ചോരയൊലിച്ചു വീണപ്പോഴൊന്നും ഉണരാത്ത കാക്കി സ്നേഹം അണപൊട്ടി ഒഴുകിയതിന്റെ, ചേതോവികാരം എന്താണ്?
പോലീസ് ഉദ്യോഗസ്ഥർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ഒരുവാക്ക് പോലും ഉരിയാടാതെ കേവലം ഒരു സിനിമയുടെ പരസ്യത്തിന് പിന്നാലെ പോയി സ്വയം അപഹാസ്യമാകുന്ന സംഘടനാ നേതൃത്വം തികച്ചും പ്രഹസനമാണ്. ഇതാണോ ഇന്ന് പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്നം? ആ സിനിമക്കെതിരെ പ്രതികരിച്ചതിലൂടെ സിനിമക്കുണ്ടാകുന്ന പ്രചാരമാണോ നിങ്ങളുടെ ലക്‌ഷ്യം. അതോ അതിനായി അച്ചാരം വാങ്ങിയാണോ ഈ കാക്കി സ്നേഹം ഉണർത്തിയതെന്നും പോസ്റ്റിൽ ചോദിക്കുന്നു.
ഈ സിനിമയേക്കാൾ വേദനിപ്പിക്കുന്ന രണ്ടു രംഗങ്ങൾ ഇതിനു മുൻപ് പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചത് ഞാൻ താങ്കളെ ഓർമ്മപെടുത്താം. ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഫ്രാൻസിസ് ഗ്രീക്കിനെ എസ്എഫ്ഐ നേതാക്കൾ തള്ളിയിട്ട് ചവിട്ടി മെതിക്കുന്ന ചിത്രം കണ്ട് പോലീസുകാർക്ക് മാത്രമല്ല സാധാരണ ജനങ്ങൾക്കും വേദനിച്ചു. കോഴിക്കോട് പാഠപുസ്തക സമരവുമായി ബന്ധപ്പെട്ടു എസ്എഫ്ഐ നടത്തിയ സമരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ പിന്നിൽ നിന്നും ചവിട്ടി വീഴ്‌ത്തുന്ന ചിത്രവും ഒട്ടേറെ പേരെ വേദനിപ്പിച്ചതാണ്. അല്ലാതെ ഒരു സിനിമയിലെ പരസ്യരംഗം കണ്ട് പോലീസുകാർക്ക് വേദനയും അപമാനവും ഉണ്ടായെന്ന് പറയുന്നത് എന്ത് ബാലിശമാണ്. മാത്രമല്ല അതൊക്കെ വിവേകബുദ്ധിയോടെ കാണാനും വിലയിരുത്തുവാനും കഴിവുള്ളവരാണ് മലയാളി പ്രേക്ഷകരെന്നും പോസ്റ്റിൽ പറയുന്നു. വില്ലനായ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന നായകന് പോലീസുകാരുടെ കുടുംബങ്ങൾ പോലും കയ്യടിക്കും. അത് സിനിമയാണ്. പക്ഷെ ഔദ്യോഗിക ജീവിതത്തിൽ രാഷ്‌ട്രീയ ഗുണ്ടകളുടെ അക്രമം ഏറ്റുവാങ്ങേണ്ടി വരുന്നത് ആർക്കും സഹിക്കാൻ കഴിയില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇത്രയും കടന്നാക്രമണങ്ങൾ നടന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടുമാണ് ഇന്നത്തെ സംഘടനാ നേതൃത്വം സ്വീകരിക്കുന്നതെന്നും പറയുന്നു.
മറ്റൊരു പോസ്റ്റിൽ പറയുന്നത് , കൊല്ലം റൂറൽ ജില്ലാപോലീസിന് കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്ദ്യോഗസ്ഥർക്ക് ഈ കഴിഞ്ഞമാസം ക്വട്ടേഷൻ ടീമിന്റെ മാരകമായ ആക്രമണം നേരിടേണ്ടി വരികയും , ഗുരുതരമായ പരിക്കേൽക്കുകയും ചെയ്യ്തു . എന്നാൽ അതിലെ പ്രതികൾക്ക് വെറും ചുരുങ്ങിയ ദിവസം കൊണ്ട് ജാമ്യം കിട്ടി. ഒരു രാഷ്‌ട്രീയ ചായ്യ് വ് ഉള്ള രീതിയിൽ തന്നെ പ്രതികളെ ആഘോഷപൂർവ്വം സ്വീകരിച്ചാനയിച്ചു കൊണ്ട് പോയത് പോലീസ് സമൂഹം ലജ്ജയോടെ കണ്ടതാണ് . , അച്ചടക്ക ലംഘനം നടത്തിയതിന് കോഴ്സ് കിട്ടിയ സംഘടനാ നേതാവിനെ സംരക്ഷിക്കുന്നതിന് പോയി കമാണ്ടന്റിനെ വെല്ലുവിളിച്ച് സസ്പെൻഷൻ ഇരന്നു വാങ്ങുന്ന സംഘടനാ ശൈലിയിലേക്കോ അല്ല നിങ്ങൾ പോകേണ്ടത് . അതിന് പകരം കർത്തവ്യനിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ച കൊല്ലത്തെ മണിയൻ പിള്ള , സജിസെബാസ്റ്റ്യൻ എന്നീ പോലീസ്കാരുടെ കുടുംബത്തിന് അക്കാലയളവിൽ സർക്കാരിൽ നിന്നും കിട്ടിയ ആനുകൂല്യങ്ങൾ എന്തൊക്കെയാണോ , അത്രയുമോ , അതിനേക്കാൾ ഒരു പിടി കൂടുതലോ ആയ ആനുകൂല്യങ്ങൾ , അതേ കൊല്ലം ജില്ലയിൽ ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച വിപിൻകുമാറിന്റെയും , ശ്രീകലയുടേയും കുടുംബത്തിന് ലഭ്യമാക്കുവാൻ പ്രയത്നിക്കുക. തന്നെ ആയിരുന്നു .അതിന് കഴിയില്ലെങ്കിൽ ഈ ഭാരവാഹിത്വത്തിന്റെ അലങ്കാരങ്ങൾ ഉപേക്ഷിക്കുക എന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു
പോലീസ് വാട്സാപ് ഗ്രൂപ്പുകളിൽ പോലീസിനെ എസ്എഫ് ,ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്ന നിരവധി ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: