പത്തനംതിട്ട: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനെതിരെ പുതിയതായി 222 കള്ള കേസുകൾ കേസുകൾ കൂടി ഉൾപ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാർ പത്തനംതിട്ടയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കെ സുരേന്ദ്രന്റെ പേരിൽ ഇതോടെ 242 കേസുകൾ ഉണ്ട്. ജനുവരി 2 , 3 തീയതികളിൽ നടന്ന ഹർത്താലുകളിൽ നടന്ന അക്രമങ്ങളിലും, പൊതു മുതൽ നശിപ്പിച്ചതിനുമാണ് കേസുകൾ എടുത്തതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളിൽ സുരേന്ദ്രൻ പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണ്.
തിരുവനതപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പൊതുമുതൽ നശിപ്പിക്കുക, പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് രാവിലെ 11 മണിക്കാണ്. അതേ ദിവസം രാവിലെ 11.30 നു കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ അതേ കുറ്റകൃത്യങ്ങൾ ചാർത്തി സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. ഇതേ ദിവസം തന്നെ രാജക്കാട്ടും, വണ്ടിപെരിയാറും സമാനമായ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്ന 222 കേസുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടു ദിവസം കൊണ്ട് ഒരാൾക്കെങ്ങനെ ചെയ്യാൻ കഴിയുമെന്ന് സാധാരണ ജനങ്ങൾ ചിന്തിക്കില്ല? സാധാരണ സമാന സ്വഭാവമുള്ള കേസുകൾ ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവരുടെ പേരുകളിൽ വരാറുണ്ട്. എന്നാൽ സുരേന്ദ്രൻ ഹർത്താൽ ആഹ്വാനം ചെയ്തിട്ടില്ല. കേസിനാസ്പദമായ ഹർത്താൽ ആഹ്വാനം ചെയ്തത് ശബരിമല കർമ്മ സമിതിയാണ്.
242 കള്ളക്കേസുകൾ ഒരു പൊതു പ്രവർത്തകനെതിരെ എടുക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. കള്ള കേസുകളിൽ കുടുക്കി സുരേന്ദ്രനെ തകർക്കാനുള്ള സർക്കാരിന്റെ ശ്രമം വിജയിക്കില്ല. കേസുകളെ രാഷ്‌ട്രീയമായി നേരിടും. കെ സുരേന്ദ്രനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതു സർക്കാർ ചെയ്യുന്നത്. ഇത്രയേറെ കേസുകൾ ചുമത്തി നോട്ടീസയക്കാതിരുന്നത് കെ സുരേന്ദ്രന്റെ പത്രിക തള്ളിക്കളയിക്കാനുള്ള ഗൂഢ ശ്രമമായിരുന്നു. രണ്ടു സെറ്റു പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. പത്രിക സമർപ്പിക്കുന്ന സമയത്തു കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല. എന്നാൽ പുതിയതായി രണ്ടു സെറ്റു പത്രികകൾ കൂടി സമർപ്പിക്കും. അതിൽ പുതിയ വിവരങ്ങൾ ചേർക്കും.
കള്ളക്കേസുകളിൽ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടും. കോടതിയിൽ കാര്യങ്ങൾ ബോധിപ്പിച്ചു നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അശോകൻ കുളനട, എൻ ഡി എ പാർലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി ആർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: