കാസര്‍കോട്: മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പുചൂട് കൂടി കനത്തതോടെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ചൂടേറി. പ്രചാരണരംഗത്ത് ഇടത്-വലത് മുന്നണികളേക്കാള്‍ മുന്നിലാണ് എന്‍ഡിഎ.
പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം സിപിഎമ്മിന് തലവേദനയാകുമ്പോള്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപസ്വരങ്ങളുടെ അലയോലികള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. ഇടത് കോട്ടകളെന്ന് അവകാശപ്പെടുന്ന കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ നിമയസഭാ മണ്ഡലങ്ങളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മുമ്പൊന്നും ലഭിച്ചിട്ടില്ലാത്ത സ്വീകരണമാണ് ലഭിക്കുന്നത്.
കാസര്‍കോടിന്റെ സാംസ്കാരിക-സാമൂഹ്യ മണ്ഡലത്തില്‍ നിറസാന്നിധ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി കുണ്ടാര്‍. ഭാഷാ ന്യൂനപക്ഷ അവഗണയ്ക്കെതിരെയും ആചാരാനുഷ്ഠാന സംരക്ഷണത്തിനായും രാപകല്‍ഭേദമെന്യേ കര്‍മ്മനിരതനായ അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ വിറളി പിടിച്ചിരിക്കുകയാണ് ഇടതുവലത് മുന്നണികള്‍. പതിനഞ്ച് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സിപിഎമ്മിലെ പി. കരുണാകരന്, എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് മണ്ഡത്തില്‍ എറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതെന്നു പറഞ്ഞത് മോദി സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി പറയുന്നു.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ. ഗോപാലനാണ് അന്ന് കാസര്‍കോട് വിജയിച്ചത്. 5145 വോട്ടായിരുന്നു എ.കെ.ജിയുടെ ഭൂരിപക്ഷം. 2009ലെ കന്നിയങ്കത്തില്‍ 1,08,256 വോട്ടിന്റെ ഭൂരിപക്ഷം 2014ല്‍ 6,921 വോട്ടിലേക്ക് താഴ്ത്താന്‍ കഴിഞ്ഞത് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മണ്ഡലത്തില്‍ ബിജെപി നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,72,652 വോട്ടാണ് ബിജെപി നേടിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 1,92,380 വോട്ടും യുഡിഎഫിന് 3,26,069 വോട്ടും എല്‍ഡിഎഫിന് 4,60,935 വോട്ടുമായിരുന്നു ലഭിച്ചത്. ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പുറമെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കെ.പി. സതീഷ്ചന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ രാജ്മോഹന്‍ ഉണ്ണിത്താനുമാണ് മത്സരരംഗത്ത്.
കാസര്‍കോട് നഗരത്തിലെ കുടിവെള്ള പ്രശ്നം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കാസര്‍കോട് മെഡിക്കല്‍ കോളേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ഇടത്-വലത് മുന്നണികള്‍.
നഗരവാസികള്‍ ഇന്നും കുടിക്കാനായി വേനല്‍ കാലത്ത് ആശ്രയിക്കുന്നത് ഉപ്പ് വെള്ളത്തെയാണ്. എന്‍ഡോസള്‍ഫാന്റെ ദുരിതം ഏറ്റവും കൂടുതല്‍ ഏറ്റു വാങ്ങിയ ഈ പ്രദേശത്ത് നിരന്തരമായ സമരങ്ങള്‍ അരങ്ങേറിയിട്ടും പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൈവശം സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ഇതുവരെ നിര്‍വീര്യമാക്കാന്‍ കഴിയാത്തതും ഇരകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കാന് കഴിയാത്തതും മാറിമാറി സംസ്ഥാനം ഭരിച്ച രണ്ടു മുന്നണികളുടെ മുന്നിലും ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: