ആലപ്പുഴ: അടിസ്ഥാന സൗകര്യവികസനത്തിന് ഇടതു സര്‍ക്കാര്‍ വകയിരുത്തിയത് 1466.02 കോടി രൂപ. എന്നാല്‍, നയാപ്പൈസ പോലും ചെലവിട്ടിട്ടില്ല. ഇതോടെ നവകേരളം അടക്കമുള്ള വികസന മുദ്രാവാക്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിവായി.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കുമ്പോള്‍ വാര്‍ഷിക പദ്ധതി അടങ്കലിന്റെ 66.73 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. ആകെ അടങ്കല്‍ തുക 29,150 കോടി രൂപയാണ്. ഇന്നലെ വരെ ചെലവിട്ടത് 19,452.116 കോടി മാത്രം. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റേതാണ് കണക്ക്.
തട്ടിക്കൂട്ടു പദ്ധതികള്‍ക്കു വരെ പണം ചെലവഴിച്ചാണ് 66 ശതമാനത്തിലേക്ക് എത്തിച്ചത്. പതിനായിരം കോടിയോളം രൂപ നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാതെ പാഴാക്കി. പ്രളയക്കെടുതിയില്‍ പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുമ്പോഴാണ് ഈ ദുരനുഭവം.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 8097.99 കോടി രൂപയില്‍, 72.61 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കൃഷി വകുപ്പിന്റെ പദ്ധതി അടങ്കല്‍ 939.57 കോടി രൂപയായിരുന്നു. നിരവധി കര്‍ഷക ആത്മഹത്യകള്‍ നടന്ന സംസ്ഥാനത്ത് ഈ അടങ്കലിന്റെ 70.05 ശതമാനം മാത്രമാണ് ചെലവഴിച്ചത്. വനിതാ നവോത്ഥാനം കൊട്ടിഘോഷിക്കപ്പെടുന്നെങ്കിലും വനിതാ ശിശുക്ഷേമ വകുപ്പ് ചെലവഴിച്ച പദ്ധതി വിഹിതം 52.29 ശതമാനം മാത്രമാണ്.
മത്സ്യബന്ധന മേഖലയിലെ വിനിയോഗം 69.79 ശതമാനം മാത്രം. ഭക്ഷ്യവകുപ്പിന്റെ വിനിയോഗം പരിതാപകരമാണ്. കേവലം 45.13 ശതമാനം തുക മാത്രമാണ് ചെലവിട്ടത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പ് 6.43 ശതമാനം തുകയാണ് ഇതുവരെ വിനിയോഗിച്ചത്.
ആരോഗ്യവകുപ്പ് 62.51 ശതമാനം, ഉന്നത വിദ്യാഭ്യാസ വകുപ്പ് 48.56, ആഭ്യന്തര വകുപ്പ് 47.32, വ്യവസായ വകുപ്പ് 57.16, തദ്ദേശസ്വയംഭരണ വകുപ്പ് 40.68, ന്യൂനപക്ഷ ക്ഷേമവകുപ്പ് 83.94, വൈദ്യുതി വകുപ്പ് 85.94, പൊതുമരാമത്ത് വകുപ്പ് 118.71, റവന്യു 24.99, പട്ടികജാതി വകുപ്പ് 62.45, പട്ടിക വര്‍ഗ വകുപ്പ് 74.62, സാമൂഹ്യനീതി വകുപ്പ് 76.24, വിനോദസഞ്ചാര വകുപ്പ് 72.57, ജലവിഭവ വകുപ്പ് 42.33 ശതമാനവും മാത്രമാണ് വിനിയോഗിച്ചത്.
















