കുന്നത്തൂര്‍: ശാസ്താംകോട്ട ധര്‍മ്മശാസ്താവിനെ വണങ്ങി മാവേലിക്കര ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ പ്രചരണത്തിന് കുന്നത്തൂര്‍ മണ്ഡലത്തില്‍ തുടക്കം. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി തൊഴുത് പ്രസാദവും സ്വീകരിച്ച് പുറത്തിറങ്ങിയപ്പോഴേക്കും ചൂട് കനത്ത് തുടങ്ങിയിരുന്നു.
പോരാട്ടച്ചൂടിലേക്ക് ആവേശം നിറച്ചെത്തിയ എന്‍ഡിഎ സാരഥി വോട്ടര്‍മാരെ നേരില്‍ കാണാനായി ആദ്യം താലൂക്ക് ആശുപത്രിയിലേക്കാണ് ചെന്നത്. രോഗികളോടും കൂട്ടിരിപ്പുകാരോടും സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍ കണ്ടു.
ടൗണിലെ വ്യാപാരികള്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, യാത്രക്കാര്‍….. ഓരോരുത്തരോടും കുശലാന്വേഷണവും വോട്ടഭ്യര്‍ത്ഥനയും. ശേഷം കാരാളിമുക്കില്‍. അവിടെ നിന്നും മൈനാഗപ്പള്ളിയിലേക്ക്. മൈനാഗപ്പള്ളിയിലെ കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം ആഞ്ഞിലിമൂട്ടിലെ മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരികളോടും നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥന. അപ്പോഴേക്കും ചൂട് അതിന്റെ ഉച്ചസ്ഥായിലെത്തിയിരുന്നു.
ഇതിനിടെ ചില മരണ വീടുകളും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. മണ്‍ട്രോതുരുത്തിലെത്തി അവിടെയൊരു പ്രവര്‍ത്തകന്റെ വീട്ടില്‍ ഉച്ചയൂണ്. വൈകിട്ടോടെ കുന്നത്തൂര്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിച്ച സ്ഥാനാര്‍ത്ഥി രാത്രി വൈകിയും പ്രചരണ രംഗത്ത് സജീവമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തഴവ സഹദേവന്‍ 21742 വോട്ട് നേടി മികച്ച മുന്നേറ്റം നടത്തിയിരുന്നു.
ഈ അനുഭവസമ്പത്തുമായാണ് സിനിമാ-സീരിയല്‍ താരം കൂടിയായ സഹദേവന്‍ പോരാട്ടത്തിനിറങ്ങിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കന്നിക്കാരനാണെങ്കിലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സുപരിചിതനായി മാറിയ തഴവ സഹദേവന്റെ സൗമ്യമായ പെരുമാറ്റവും നര്‍മ്മം കലര്‍ന്ന സംഭാഷണവും ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്. ഇടതു വലതു മുന്നണികള്‍ ജയിച്ചിട്ടുള്ള മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വോട്ടര്‍മാരി ലേക്കെത്തുന്നത്.
ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, മണ്ഡലം പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ പിള്ള, ബൈജു ചെറുപൊയ്ക, സി. കൃഷ്ണന്‍കുട്ടി, ഗോകുലം തുളസി, നളിനി ശങ്കരമംഗലം, പി.എന്‍. മുരളീധരന്‍ പിള്ള, ഡി. സുരേഷ്, മുതുപിലാക്കാട് രാജേന്ദ്രന്‍, മണ്ഡലം ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ പര്യട നങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: