റാന്നി: ശബരിമല ആചാരസംരക്ഷണത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ സര്‍ക്കാര്‍ കേസ് ചുമത്തിയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഡ്വ. കെ.പി പ്രകാശ്ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ അക്രമിച്ചു എന്നാണ് ചുമത്തിയിരുന്ന കേസ്. വധശ്രമം, ഗൂഢാലോചന അന്യായമായി തടസം നില്‍ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രകാശ്ബാബുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. ശബരിമലയില്‍ കോടതിവിധിയുടെ മറവില്‍ ആചാരംലംഘിക്കാന്‍ ശ്രമിച്ചതിന് തടസ്സം നിന്നതിന്റെ പേരില്‍ നൂറുകണക്കിന് വിശ്വാസികളെയും ബിജെപി പ്രവര്‍ത്തകരെയും നേതാക്കളേയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രയോഗിച്ചു തുറുങ്കിലടച്ചത്.
ചിത്തിര ആട്ട വിശേഷവുമായി ചുമത്തപ്പെട്ട കേസില്‍ 16-ാം പ്രതിയായ പ്രകാശ്ബാബു ഇന്നലെ പമ്പ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും റിമാന്റ് ചെയ്യുകയുമായിരുന്നു. റിമാന്‍ഡിലായ പ്രകാശ് ബാബുവിനെ കൊട്ടാരക്കര സബ്ജയിലേക്കു കൊണ്ടുപോയി.
വിശ്വാസം തന്റെ അവകാശമാണ് എന്നും വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാര സംരക്ഷണം തന്റെ കടമയുമായിരുന്നുവെന്നും അതിന്റെ പേരില്‍ ജയിലിലേക്ക് പോകുന്നതില്‍ അഭിമാനമേയുള്ളൂ എന്നും പ്രകാശ്ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. അവിശ്വാസികളായുള്ള ആക്ടിവിസ്റ്റുകള്‍ അയ്യപ്പസ്വാമിയെ വെല്ലുവിളിക്കുന്നത് കണ്ടുനില്‍ക്കാന്‍ സാധിച്ചില്ല. നട്ടെല്ലു നിവര്‍ത്തിയുള്ള പോരാട്ടമായിരുന്നു അനിവാര്യം. അത് നിര്‍വഹിക്കുകയും ചെയ്തു. അതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസുകളും ജയിലറയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.
കമ്യൂണിസ്റ്റുകാരുടെ കിരാതഭരണത്തെ അതിജീവിക്കുക തന്നെ ചെയ്യും. അയ്യന് വേണ്ടി ധര്‍മയുദ്ധം നയിച്ചതിന്റെ പേരില്‍ പത്രിക കൊടുക്കേണ്ടതും തെരഞ്ഞെടുപ്പിനെ നേരിടേണ്ടതും ജയിലില്‍ നിന്നെങ്കില്‍ അതിനെ പൂമാല പോലെ സ്വീകരിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രകാശ്ബാബുവിനു വേണ്ടി അഭിഭാഷകരായ ഷൈന്‍ ജി. കുറുപ്പ്, ഹരികുമാര്‍ എന്നിവര്‍ ഹാജരായി.
















