രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പരിപൂര്‍ണ നിസ്സഹകരണത്തെ അതിജീവിച്ചുകൊണ്ട് ലോക്പാല്‍ നിയമനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്നു. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പോലും അന്വേഷിക്കാന്‍ അധികാരമുള്ള സംവിധാനമാണത്.
ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ട് എന്ന 2014-ലെ ഒന്നാം ആക്ട് അനുസരിച്ച,് പ്രധാനമന്ത്രിയായിരിക്കുന്ന ആളെക്കുറിച്ചോ ആയിരുന്ന ആളെക്കുറിച്ചോ അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടാല്‍ യുക്തമായ അന്വേഷണം നടത്തി ക്രിമിനല്‍ േപ്രാസിക്യൂഷന്വരെ നിര്‍ദ്ദേശിക്കാനുള്ള അധികാരം 201-ാം വകുപ്പ് അനുസരിച്ച് ലോക്പാലിന് നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയും ലോക്പാലിന്റെ പരിധിയില്‍ വരും.
സിബിഐ അടക്കമുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന് നടപടികളെടുക്കാനും ലോക്പാലിന് അധികാരമുണ്ട്. എന്നാല്‍, അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചോ ആഭ്യന്തര സുരക്ഷയെക്കുറിച്ചോ അറ്റോമിക് എനര്‍ജി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി എടുക്കുന്ന നടപടികളില്‍നിന്ന് ലോക്പാല്‍ അന്വേഷണം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നിര്‍മ്മിച്ച നിയമമാണ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിന്റെ നിയമനത്തോടുകൂടി പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്.
നിയമം നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നു എന്ന് സുപ്രീംകോടതി മുമ്പാകെ പരാതി ഉന്നയിക്കപ്പെട്ടിരുന്നു. ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള സര്ച്ച്കമ്മറ്റിയില് പ്രതിപക്ഷനേതാവിന്റെ പങ്കാളിത്തം സാധ്യമല്ലാത്തതുകൊണ്ടാണ് നിയമനം നീണ്ടുപോയത്. ഒടുവില്‍ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവായാലും മതി എന്ന് സുപ്രീംകോടതി വിശദീകരിച്ചപ്പോഴാണ് സമീപകാലത്ത് സര്‍ച്ച് കമ്മറ്റി കൂടിയത്. എന്നിട്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിട്ടുനിന്നു.
പൊതുപ്രവര്‍ത്തകരുടെ അഴിമതി പുറത്തുകൊണ്ടുവരുന്നതിനും കുറ്റക്കാരാണെന്ന് കണ്ടാല്‍ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നിയമം ദൂരവ്യാപകമായ ഫലങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പൊതുപ്രവര്‍ത്തകരുടെ പ്രവര്‍ത്തനശൈലി കണക്കിലെടുക്കുമ്പോള്‍ കര്‍ക്കശമായ ഈ നിയമവും നിലവിലുള്ള പല നിയമങ്ങളുടെയും വഴിയില്‍ത്തന്നെ സഞ്ചരിക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ അഴിമതി ലോക്പാലിന് അന്വേഷിക്കാന്‍ അധികാരമുണ്ട്. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്പാല്‍ നിയമനത്തില്‍ നിസ്സഹകരണം പ്രകടിപ്പിച്ചത്. കേന്ദ്രഗവണ്മെന്റിന്റെ പണം പ്രത്യക്ഷമായോ പരോക്ഷമായോ കൈപ്പറ്റുന്ന സൊസൈറ്റികളും ട്രസ്റ്റുകളും ലോക്പാലിന്റെ അധികാരപരിധിയില്‍ വരുമെന്നുള്ളതുകൊണ്ട് അസൗകര്യമുണ്ടാകാന്‍ പോകുന്നത് പ്രതിപക്ഷ കക്ഷികള്‍ നിയന്ത്രിക്കുന്ന അത്തരം സ്ഥാപനങ്ങള്‍ക്കാണ്.
ലാലുപ്രസാദ് യാദവ്, ചൗട്ടാല എന്നിവരൊഴിച്ച് പ്രമുഖ പൊതുപ്രവര്ത്തകരാരുംതന്നെ വ്യക്തവും ശക്തവുമായ അഴിമതിയാരോപണം ഉണ്ടായിട്ടും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ജയലളിത മരണംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പകരക്കാരിയായി ശശികല ജയില്‍വാസം അനുഭവിക്കുന്നു.
ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്തിക്കൊണ്ട് പൊതുപ്രവര്‍ത്തകരുടെ ഉറക്കംകെടുത്തുന്ന സുപ്രധാന നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ലോക്പാല്‍നിയമം പൊതുപ്രവര്‍ത്തനരംഗത്ത് സ്വാഗതാര്‍ഹമായ സംശുദ്ധി വരുത്താന്‍ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: