തിരുവനന്തപുരം: എം.വി.ജയരാജന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് തൊട്ടുപിന്നാലെ പാര്‍ട്ടിക്ക് പുറത്തുനിന്ന് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ച് ഭരണം വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപ്പിടിയില്‍ ഒതുക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്റെ സ്ഥാനത്തേക്ക് പാര്‍ട്ടിയോട് ആലോചിക്കുകപോലും ചെയ്യാതെയാണ് മുന്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ആര്.മോഹനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ് മോഹന്‍. കോയമ്പത്തൂരില്‍ ഇന്‍കം ടാക്സ് കമീഷണറായിരുന്നു. സ്വയം വിരമിച്ച ശേഷം തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും സിഡിഎസില്‍ വിസിറ്റിംഗ് ഫെലോയുമാണ്.
പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടപ്പിലാക്കാനും പാര്‍ട്ടിയില്‍ക്കൂടി കാര്യങ്ങള്‍ നടത്താനുമായാണ് എം.വി.ജയരാജനെ മുമ്പ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. പിണറായി വിജയന് അധികാരത്തില്‍ കയറി മാസങ്ങള്‍ പിന്നിട്ട ശേഷമാണ് പാര്‍ട്ടി ഇടപെട്ട് എം.വി.ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. പാര്‍ട്ടി കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടപ്പിലാക്കുന്നില്ല എന്ന കാരണത്താലായിരുന്നു ഈ നിയമനം. ഇതോടെ പാര്‍ട്ടി തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടപ്പിലാക്കേണ്ടതായി വന്നു.
മുഖ്യമന്ത്രി വിദേശത്തായിരുന്ന ഘട്ടങ്ങളില്‍ എം.വി.ജയരാജനായിരുന്നു ഓഫീസിന്റെ നിയന്ത്രണം. എം.വി.ജയരാജനെ ഓഫീസില്‍ നിന്നും ഒഴിവാക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥി ആക്കുന്നത്. എം.വി.ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കി മാറ്റി. തുടര്‍ന്ന് കേട്ടുകേള്‍വിയില്ലാത്ത ഒരാളെ പാര്‍ട്ടിയിലെ പ്രമുഖ നേതാവ് ഇരുന്ന സീറ്റിലേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
മാത്രമല്ല പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരാളെ അടിയന്തരമായി നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്കുള്ള അമിത താത്പര്യവും സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. സഹോദരന് പ്രൈവറ്റ് സെക്രട്ടറിയായി വരുന്നതു കൊണ്ട് സഹോദരി ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞാണ് നളിനി നെറ്റോയുടെ രാജി. തിടുക്കപ്പെട്ടുള്ള ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായം ഉയരുന്നുണ്ട്.
















