തിരുവനന്തപുരം: യുവജനങ്ങളിലൂടെ രാജ്യത്തെ തൊട്ടറിഞ്ഞ് യുവമോര്‍ച്ചയുടെ യുവജനസംവാദ സദസ്സ് തലസ്ഥാനത്ത് അരങ്ങേറി. യുവമോര്‍ച്ച കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പുറമെ സാമൂഹ്യമാധ്യമങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സ് വഴിയും നിരവധി പേര് തത്സമയവും ചോദ്യങ്ങള്‍ ഉന്നയിച്ചു. കേരളത്തില്‍ ബിജെപിക്ക് നിയമസഭയിലോ ലോക്സഭയിലോ വേണ്ട പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും മറ്റു സംസ്ഥാനങ്ങളെ പോലെ തുല്യമായാണ് മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ പരിഗണിച്ചതെന്ന് മുരളീധര റാവു പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെങ്കിലും ഓരോ സംസ്ഥാനത്തും ഓരോ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് സഹകരിക്കുന്നത്. അതുകൊണ്ടു തന്നെ മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ എതിര് ചേരിക്ക് ഒരു സ്ഥാനാര്‍ത്ഥി ഇല്ല എന്നതാണ് സത്യം. ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം ഹനിച്ചുകൊണ്ടാണ് ഇടത് സര്‍ക്കാര്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത്. സുപ്രീംകോടതിയില്‍ റിവ്യു ഹര്‍ജി നല്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ന നിലയ്ക്ക് അല്പം കാത്തിരിക്കാനുള്ള പക്വത കാണിക്കാമായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിനുള്ള സാധ്യത തുറക്കുന്നതാണെന്നും അദ്ദേഹം വിലയിരുത്തി.
ബിജെപി സംസ്ഥാന നിര്‍വ്വാഹ സമിതി അംഗം പി.കെ. കൃഷ്ണ ദാസ്, സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ആര്.എസ്. രാജീവ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
















