കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും പ്രധാന നേതാക്കളെ പ്രതികളാക്കുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്‍ എംപി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ഡോ.ടി.പി. സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍ എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് എഡിജിപി പി. അശോക് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കണക്കുകൂട്ടിയ നഷ്ടം പ്രഥമ വിവര റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. യഥാര്‍ത്ഥ നഷ്ടം ശാസ്ത്രീയമായി കണക്കാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പ്രതികള്‍ ഹാജരായില്ലെങ്കില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണം.
മാത്രമല്ല, പൊതു-സ്വകാര്യ മേഖലയിലുണ്ടായ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണം. ജനുവരി രണ്ടിന് നടന്ന അക്രമങ്ങളില്‍ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 1.06 കോടി രൂപയുടെ സ്വകാര്യമുതലും നശിപ്പിക്കപ്പെട്ടെന്ന് അസി. ഐജി മോഹന്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു.
















