സെന്റ് കിറ്റ്‌സ്: ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനെ 45 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലണ്ട് ട്വന്റി 20യുടെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ വിജയം കുറിച്ചു. രണ്ടാം ട്വന്റി 20 യില്‍ 137 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. റണ്‍സ് അടിസ്ഥാനത്തില്‍ അവരുടെ കൂറ്റന്‍ വിജയമാണിത്.
183 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ വിന്‍ഡീസ് 11.5 ഓവറില്‍ 45 റണ്‍സിന് പുറത്തായി. ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറും. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറും ഇത് തന്നെ. 2014 ല്‍ ശ്രീലങ്കക്കെതിരെ നെതര്‍ലന്‍ഡ് നേടിയ 39 റണ്‍സ് ആണ് ട്വന്റി 20യിലെ ഏറ്റവും ചെറിയ സ്‌കോര്‍.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാലിന് 32 റണ്‍സെന്ന നിലയില്‍ നിന്ന് ആറിന് 182 റണ്‍സെന്ന സ്‌കോറിലെത്തി. ജോ റൂട്ടിന്റെയും സാം ബില്ലിങ്ങ്‌സിന്റെയും ബാറ്റിങ്ങാണ് സ്‌കോര്‍ ഉയര്‍ത്തിയത്. റൂട്ട് 55 റണ്‍സും ബില്ലിങ്ങ്‌സ് 87 റണ്‍സും കുറിച്ചു.
വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ വിന്‍ഡീസിന്റെ ബ്രാത്ത്‌വെയ്റ്റ് (10), ഹെറ്റ്‌മെയര്‍ (10) എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാനായുള്ളൂ. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗെയില്‍ അഞ്ചു റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് ആറു വിക്കറ്റിന് 182, വിന്‍ഡീസ് 45 ന് പുറത്ത്.
















