ന്യൂദൽഹി: ജമ്മു കശ്മീരിൽ ലീവിന് പോയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്തകൾ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. സൈനികൻ സുരക്ഷിതനാണെന്നും ഇപ്പോൾ നടക്കുന്ന പ്രചരണം ശരിയല്ലെന്നും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു മുഹമ്മദ് യാസിൻ ഭട്ട് എന്ന സൈനികനെ തട്ടിക്കൊണ്ടുപോയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ വീട്ടിൽ നിന്നാണ് ഭീകരർ തട്ടിക്കൊണ്ട് പോയെന്നായിരുന്നു വാർത്തകൾ.
നേരത്തെ കശ്മീർ സ്വദേശികളായ സൈനികരെ ഭീകരർ തട്ടിക്കൊണ്ടു പോയി വധിച്ചിരുന്നു. ലെഫ്റ്റനന്റ് ഉമർ ഫയാസിനേയും റൈഫിൾ മാൻ ഔറംഗസേബിനേയുമാണ് ഭീകരർ ഇതേരീതിയിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സൈന്യത്തിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിൽ നിരവധി കശ്മീരി യുവാക്കൾ പങ്കെടുക്കുന്നത് ഭീകരരെ പ്രകോപിപ്പിച്ചിരുന്നു.
















