മലപ്പുറം: സൈന്യത്തിനെതിരെ പോസ്റ്റര്‍ പതിച്ച കേസില്‍ അറസ്റ്റിലായ മലപ്പുറം ഗവ.കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിവിധിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ജില്ലാ സെഷന്‍സ് കോടതി. 124 എ വകുപ്പ് ചുമത്തിയ പ്രതികളെ ജാമ്യത്തില്‍ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റ് കോടതിവിധിക്കെതിരെ സ്വമേധയാ എടുത്ത റിവിഷന്‍ ഹര്‍ജി പരിഗണിച്ച ജില്ലാ കോടതി ഈ മാസം എട്ടിന് രണ്ടുപ്രതികളോടും നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 23നാണ് മലപ്പുറം ഗവ.കോളേജ് കാമ്പസില്‍ സൈന്യത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സൈന്യം മുസ്ലീങ്ങളായ കശ്മീരികളെ ഉപദ്രവിക്കുകയാണെന്നും, സൈന്യത്തിനെതിരെ അണിചേരണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു പോസ്റ്റര്‍. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ്(20), ഒന്നാംവര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരെ അറസ്റ്റ് ചെയ്തു.
124 എ വകുപ്പ് പ്രകാരം കേസെടുത്ത പ്രതികളെ റിമാന്റ് ചെയ്‌തെങ്കിലും ഫെബ്രുവരി 26ന് കര്‍ശന ഉപാധികളോടെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ജില്ലാ കോടതി രംഗത്തെത്തിയിരിക്കുന്നത്.
















