കുമളി: യൂണിഫോം ധരിക്കാതെ എത്തിയതിന് വിശദീകരണം ചോദിച്ച അദ്ധ്യാപകനെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദിച്ചു. രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ പിന്നീട് പോലീസ് പിടികൂടി. പരിക്കേറ്റ കുമളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ജയദേവനെ വിദഗ്ധ ചികിത്സക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതേസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ചെങ്കര കന്നിക്കല്‍ ആഞ്ഞിലിമൂട്ടില്‍ അബിന്‍ സുരേഷ് (18) ആണ് അറസ്റ്റിലായത്.
പ്രവൃത്തി ദിവസങ്ങളില്‍ നിര്‍ബന്ധമായും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ച് മാത്രമേ ക്ലാസില്‍ കയറാന്‍ പാടുള്ള എന്ന നിര്‍ദ്ദേശം പതിവായി ലംഘിച്ചിരുന്ന ഈ വിദ്യാര്‍ത്ഥിയോട് കാരണമന്വേഷിച്ച അദ്ധ്യാപകനെ വലിച്ച് നിലത്തിടുകയും, കൈയില്‍ കരുതിയിരുന്ന ഇരുമ്പ് വള ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് മറ്റ് കുട്ടികളുടെ മൊഴി.
മര്‍ദ്ദനത്തില്‍ വാരിയെല്ലിനും, കര്‍ണ്ണപുടത്തിനും പരിക്കേറ്റിട്ടുണ്ട്. അദ്ധ്യാപകന്റ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കെതിരെ കുമളി പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥി പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
















