തിരുവനന്തപുരം: സിപിഐയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എംപിയെ ഒഴിവാക്കി രണ്ട് സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ തീരുമാനം. തൃശ്ശൂരില്‍ സിറ്റിംഗ് എംപി ജയദേവനെ വെട്ടിനിരത്തി ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് നെടുമങ്ങാട് എംഎല്‍എ സി. ദിവാകരനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും പി.പി. സുനീര്‍ വയനാട്ടിലും മത്സരിക്കും.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും അതിനു ശേഷം ചേര്‍ന്ന കൗണ്‍സിലും ആണ് തീരുമാനം കൈക്കൊണ്ടത്. ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും ആരെയും പരിഗണിച്ചില്ല.
അവസാന നിമിഷം വരെ സിറ്റിംഗ് എംപിയുടെ പേര് തൃശ്ശൂരില്‍ പറഞ്ഞ് കേട്ടിരുന്നെങ്കിലും ജാതിമത സമവാക്യങ്ങളെ തുടര്‍ന്ന് ജയദേവനെ വെട്ടിനിരത്തി രാജാജി മാത്യുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത വാഗ്വാദങ്ങള്‍ക്ക് ഒടുവിലാണ് രാജാജി മാത്യുവിനെ നറുക്ക് വീണത്. ജയദേവനെ മത്സരിപ്പിച്ചാല്‍ ഇക്കുറി വിജയ സാധ്യത ഇല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
തിരുവനന്തപുരത്ത് കാനം രാജേന്ദ്രനെ ജില്ലാകമ്മറ്റി ശിപാര്‍ശ ചെയ്‌തെങ്കിലും മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സി. ദിവാകരന് നറുക്ക് വീണത്. ജില്ലാ സെക്രട്ടറി അനിലും പട്ടികയില്‍ ഇടം പിടിച്ചെങ്കിലും സംസ്ഥാന എക്‌സിക്യൂട്ടിവ് ആദ്യമേ അനിലിന്റെ പേര് തള്ളി. സിപിഐ ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ജില്ലാ കമ്മറ്റിയുടെ ശക്തമായി എതിര്‍ത്തിനെ തുടര്‍ന്ന് പരിഗണിച്ചില്ല.
ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടികചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
















