ഭുവനേശ്വർ: ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ മുൻ എംപി ബൈജയന്ത് ജയ് പാണ്ഡ ബിജെപിയിലേക്ക്. ഇന്നലെ ന്യൂദൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും സാന്നിധ്യത്തിൽ ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.
കേന്ദ്രപഡ മണ്ഡലത്തിൽ നിന്നുള്ള ബിജെഡി എംപിയായിരുന്ന പാണ്ഡയെ പാർട്ടിക്കെതിരായി പ്രവർത്തിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, എംപിയായി തുടർന്ന ഇദ്ദേഹം പിന്നീട് സ്ഥാനം രാജിവച്ചു.
ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകൾ വന്നിരുന്നു. എന്നാൽ, ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുകയെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ബൈജയന്ത് ബിജെപിക്ക് മുതൽക്കൂട്ടാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സുരേഷ് പൂജാരി പറഞ്ഞു.
ബിജെഡിയിലെ സാധാരണ പ്രവർത്തകർക്കിടയിൽ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് ബൈജയന്ത് പാണ്ഡ. 2017ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനത്തിന് ശേഷമാണ് പാണ്ഡ ബിജെഡി നേതൃത്വവുമായി അകന്ന് തുടങ്ങിയത്. അതിനുശേഷം നരേന്ദ്ര മോദിയെ പുകഴ്‌ത്തിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വിമർശിച്ചുമാണ് ഇദ്ദേഹം സംസാരിച്ചിരുന്നത്.
പൊതുതെരഞ്ഞെടുപ്പിൽ ബൈജയന്തിന്റെ സ്വാധീനം ബിജെപിയെ തുണയ്‌ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഒഡിയ വാർത്താചാനലായ ഒടിവിയുടെ മേധാവി ജാഗി മംഗത് പാണ്ഡയാണ് ബൈജയന്തിന്റെ ഭാര്യ. ഒഡീഷ വേദിയായ ലോകകപ്പ് ഹോക്കി റിപ്പോർട്ട് ചെയ്യാനെത്തിയ ചാനലിലെ റിപ്പോർട്ടർമാരെ സംസ്ഥാന സർക്കാർ തടഞ്ഞുവെന്ന് ആരോപണമുയർന്നിരുന്നു.
















