കോട്ടയം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുന്നതിനിടെ 2018-19 വര്‍ഷം നഗരസഭകള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. നഗരകാര്യ വകുപ്പിന്റെ മൊത്തം ബജറ്റ് വിഹിതമായ 76.66 കോടി രൂപയില്‍ നിന്ന് 20 ശതമാനം തുകയായ 15.33 കോടി രൂപയാണ് വെട്ടിക്കുറച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകളും ചെക്കുകളും ട്രഷറിയില്‍ തടഞ്ഞു വയ്‌ക്കുന്നതിന് പിന്നാലെയാണിത്. ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന്റെ ഫലമായി കണ്ടിജന്റ് വിഭാഗം സ്ഥിരം തൊഴിലാളികളുടെ ഭവനവായ്‌പയുടെ പലിശ സബ്‌സിഡി നല്‍കുന്നത് ഒഴിവാക്കി. പുതിയതായി നഗരസഭകള്‍ക്ക് കെട്ടിടനിര്‍മാണത്തിന് അനുവദിച്ച തുകയും കുറച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തുകയും കുറച്ചിട്ടുണ്ട്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമാണ് ഖജനാവ് തുറക്കുന്നത്. ഈ സാഹചര്യത്തിലാണ് ബജറ്റ് വിഹിതം കുറയ്‌ക്കാന്‍ നിര്‍ബന്ധിതരായത്.
ഇന്നലെ വരെ 15,000 ബില്ലുകളാണ് ഖജനാവില്‍ കെട്ടിക്കിടക്കുന്നത്. ഇനി സര്‍ക്കാരിന് മുന്നോട്ടുപോകണമെങ്കില്‍ വന്‍തോതില്‍ കടമെടുക്കണം. എന്നാല്‍, സര്‍ക്കാരിന് കടമെടുക്കാവുന്നതിന്റെ പരിധി കഴിഞ്ഞതിനാല്‍ സഹകരണബാങ്കുകള്‍, കെഎസ്എഫ്ഇ, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവയുടെ പണമെടുത്ത് പ്രതിസന്ധി മറികടക്കാനാണ് ശ്രമം.
















