കൊച്ചി : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ തടസ്സമുണ്ടെന്ന് സര്‍ക്കാര്‍. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള എംപാനല്‍ ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേയ്‌ക്ക് കടക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
അതേസമയം സമരം ചെയ്യുന്ന കണ്ടക്ടര്‍മാരില്‍ ചിലര്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയെങ്കിലും ഫയര്‍ഫോഴ്‌സും പൊലീസും ഇടപെട്ട് താഴെയിറക്കി. എന്നാല്‍ തങ്ങളെ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്നാണ് എംപാനല്‍ കണ്ടക്ടര്‍മാരുടെ നിലപാട്. അതിനിടെ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വീട്ടിലേയ്‌ക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇടതുമുന്നണി കണ്‍വീനര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പിന്‍വലിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ നിന്നും 3861 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. എന്നാല്‍ പിരിച്ചു വിടപ്പെട്ട കണ്ടക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
















