ബെംഗളൂരു: ജമ്മുകാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് പകരം തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് നല്‍കി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മാണ്ഡ്യ മദ്ദൂര്‍ താലൂക്കില്‍ ഗുഡിഗെരെ വില്ലേജില്‍ എച്ച്.ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ചത്.
ഇന്നലെ ഗുരുവിന്റെ 11-ാം ദിവസത്തെ മരണാന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് ഭീകരരെ വധിച്ച വാര്‍ത്ത അറിയുന്നത്. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഇന്ത്യന്‍ സൈന്യത്തിന് സല്യൂട്ട് അടിച്ച് കലാവതി അഭിവാദ്യം അറിയിച്ചത്.
‘ഇന്ത്യ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള തിരിച്ചടി നേരിടാന്‍ നമ്മുടെ സൈനികര്‍ ധൈര്യവും ശക്തിയും കൈവരിക്കണം. നമ്മുടെ സൈനികര്‍ക്ക് ആരോഗ്യം നല്‍കാനും സംരക്ഷിക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു’, കലാവതി പറഞ്ഞു. ഇന്നലത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തിയത്.
















