കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം നയതീരുമാനമാണെന്നും ഇതുള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതിനുള്ള ലേലം നടപടിക്രമം പാലിച്ചാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഈ വിശദീകരണത്തെത്തുടര്‍ന്ന് ലേല നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊല്ലം സ്വദേശി ജി. മഹേഷ്, പന്തളം സ്വദേശി ആഷിഖ് നിസാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് പാട്ടത്തുക നിശ്ചയിക്കുന്നത് ലേലം നടത്തിയാണ്. ലേലത്തുക ഉറപ്പിച്ച് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിനു മുമ്പ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വാങ്ങണമെന്ന് നിര്‍ദേശിച്ചെന്നും നവംബര്‍ എട്ടിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനം എടുത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി പിന്നീടു പരിഗണിക്കാനായി മാറ്റി.
















