മൂലമറ്റം: വാഗമണ്‍ കോലാഹലമേട്ടില്‍ റോപ്പ് വേ (ബര്‍മ്മാ ബ്രിഡ്ജ്) തകര്‍ന്ന് വിനോദസഞ്ചാരികളായ 12 പേര്‍ക്ക് പരിക്ക്. സണ്‍ഡേ സ്കൂളില്‍ നിന്നുള്ള യാത്രയുടെ ഭാഗമായി എത്തിയ അങ്കമാലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് വാഗമണ്‍ അഡ്വഞ്ചര്‍ ടൂറിസത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി. പരമാവധി രണ്ട് പേര് മാത്രം കയറേണ്ടിടത്ത് കൂടുതല്‍ പേര് കയറിയതാണ് അപകട കാരണം.
മഞ്ഞപ്ര ചുരുളി സെ. ജോര്‍ജ് ദേവാലയത്തിന്റെ കീഴിലുള്ള സണ്‍ഡേ സ്കൂളിലെ അധ്യാപകരായ സിസ്റ്റര്‍ അനൂഷ, സിസ്റ്റര്‍ ജ്യോതിസ്, റിയ ചെറിയാന്, ജോയ്സി വര്‍ഗീസ്, റിനി തോമസ്, ജിസ്മി പൗലോസ്, അല്‍ഫോണ്‍സാ മാത്യു, ഷൈബി വര്‍ഗീസ്, മേരിക്കുട്ടി ജോയി, സൗമ്യ ബിബിന്‍, കുര്യന് ബാബു, അമൃത ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിസ്റ്റര്‍ ജ്യോതിസ്, ജോയ്സി വര്‍ഗീസ്, സൗമ്യ ബിബിന്‍ എന്നിവര്‍ക്ക് കാലിനും നടുവിനും അസ്ഥികള്‍ക്ക് പൊട്ടലുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആത്മഹത്യാ മുനമ്പിന് സമീപം രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തൊട്ടിലാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ തകര്‍ന്നത്. സണ്‍ഡേ സ്കൂളില്‍ നിന്ന് 25 പേരടങ്ങുന്ന സംഘമാണ് രാവിലെ വാഗമണിലെത്തിയത്. ഇവരില്‍ ആദ്യം കുറച്ച് പേര് റോപ്പ് വേയിലുടേ കടന്ന് പോയി. പിന്നാലെ കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവശങ്ങളിലും കമ്പി കെട്ടി കയര്‍ കോര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന റോപ്പ് വേയില്‍ ആളുകള്‍ കയറുന്നതോടെ ഇത് ‘റ’ ഷേപ്പിലാകും. പിന്നീട് ഈ കമ്പിയില്‍ പിടിച്ച് കയറില്‍ ചവിട്ടി വേണം 60 മീറ്റര്‍ ദൂരമുള്ള റോപ്പ് വേ പിന്നിടാന്‍.
പറഞ്ഞത് കേള്‍ക്കാതെ എല്ലാവരും ഒരുമിച്ച് കയറിയെന്നും ഇതുമൂലമാണ് കയര്‍ പൊട്ടി അപകടമുണ്ടായതെന്നുമാണ് ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവലക്കാരന് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. റോപ്പ് വേ പൊട്ടിയതോടെ താഴെ പാറയും കല്ലും മുള്ളും നിറഞ്ഞയിടത്തേക്കാണ് സഞ്ചാരികള്‍ വീണത്. ഒപ്പമുണ്ടായിരുന്നവരും വാഗമണ്‍ പോലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ഈരാട്ടുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അടച്ചിട്ടിരുന്ന റോപ്പ് വേയില്‍ അനുവാദമില്ലാതെയാണ് ഇവര്‍ കയറിയതെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന് പി. വിജയന് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് വാഗമണ്‍ എസ്ഐ ബഷീര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: