ന്യുദല്‍ഹി: പാക്കിസ്ഥാന്റെ കള്ളങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഇന്ത്യ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിനെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ നുണകളെ വെളിച്ചത്തുകൊണ്ടുവരുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഹൈക്കമ്മീഷണര്‍മാരെ തിരിച്ചുവിളിച്ചിരുന്നു.
ഇതിനിടയില്‍ രാജ്‌നാഥ് സിങ് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷവര്‍ധന്‍ ഷ്രിംഗ്ലയുമായും ചര്‍ച്ചനടത്തിയിരുന്നു. തീവ്രവാദത്തിന് അഭയവും പിന്തുണയും നല്‍കുന്ന പാക്കിസ്ഥാനെ അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെടുത്തുന്നതിനായി നയതന്ത്രപരമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ് ഒരു ദിവസത്തിന് ശേഷമായിരുന്നു ഈ സന്ദര്‍ശനം.
പുല്‍വാമ ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ന്യുസിലാന്‍ഡും ഫ്രാന്‍സും ഉള്‍പ്പടെ നാല്‍പതോളം ലോകരാജ്യങ്ങള്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു.
















