തിരുവനന്തപുരം: ഔഷധ വിപണിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്കി കോടികള്‍ കൊയ്യുന്ന ആയുര്‍വേദ, സിദ്ധ, ഔഷധ മരുന്നുകള്‍ക്ക് കടിഞ്ഞാണ്‍. പരസ്യം നല്കുന്നതിനു മുമ്പ് അവയുടെ വിശദ വിവരം ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നല്കി അനുമതി വാങ്ങണം. അല്ലാത്തവയ്ക്കെതിരെ കര്‍ശന നടപടിയും വന്‍തുക പിഴയും ഈടാക്കും. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും നിയമം കര്‍ശനമായി നടപ്പിലാക്കുന്നത്.
യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ആയുര്‍വേദ സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ഔഷധങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ അസുഖങ്ങള്‍ ഭേദമാകാതെ വഞ്ചിതരാവുകയും തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ മുന്നില്‍ പരാതിയുമായി എത്താറാണ് പതിവ്.
കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം വിവിധ കോടതികളിലായി 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ആയുര്‍വേദ കമ്പനികള്‍ എല്ലാം നിയമനടപടികളില്‍ കുടുങ്ങി. എന്നാല്‍ തെറ്റ് ഏറ്റു പറഞ്ഞ് ചെറിയ തുക പിഴ നല്കി തടിതപ്പാറാണ് പതിവ്. വീണ്ടും ഈ ഔഷധം വിപണിയില്‍ എത്തും. അതിനാലാണ് കര്‍ശന വ്യവസ്ഥകളോടുകൂടി നിയമം ഭേദഗതി ചെയ്തത്.
മോഹിപ്പിക്കും ഔഷധങ്ങള്‍
പ്രമേഹം, മൂലക്കുരു, സന്ധിവേദന, അമിതവണ്ണം കുറയ്ക്കല്‍, വണ്ണം കൂട്ടല്‍, ഉദരരോഗം, ലൈംഗിക ഉത്തേജക മരുന്നുകള്‍ തുടങ്ങി രോഗികളെ ആകര്‍ഷിക്കാന്‍ പാകത്തിന് നിരവധി ഔഷധങ്ങള്‍ വിപണിയില്‍ സുലഭം.
ദീര്‍ഘകാലം ചികിത്സിച്ചിട്ടും ഭേദമാകാത്ത അസുഖങ്ങള്‍ വളരെ പെട്ടെന്ന് ഭേദമാകുമെന്നും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന പരസ്യം കൂടിയാകുമ്പോള്‍ ഉപഭോക്താക്കള്‍ ആകൃഷ്ടരാകുന്നു. എന്നാല്‍ പ്രമേഹത്തിനും ഹൃദ്രോഹത്തിനും ചികിത്സയുള്ള ഒരാള്‍ പരസ്യത്തില്‍ ആകൃഷ്ടനായി പ്രമേഹത്തിന്റെ ഔഷധം മാത്രം കഴിച്ചാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തപ്പെടും. അതിനാല്‍ ഔഷധ പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കൂട്ട് കച്ചവടം പൊളിയുമ്പോള്‍ അക്ഷരം മാറ്റി പുതിയ ഉല്‍പ്പന്നം
സംസ്ഥാനത്ത് വിപണിയിലുള്ള ആയുര്‍വേദ സിദ്ധ ഉല്‍പ്പന്നങ്ങളില്‍ അധികവും കൂട്ടു കച്ചവടം പൊളിയുമ്പോള്‍ മറ്റൊരു പേരില്‍ വിപണിയിലെത്തുന്നവ.
പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരത്തിലുള്ളവരോ കുടുംബപരമായോ ഔഷധ കമ്പനികള്‍ നടത്തുന്നവര്‍ തമ്മില്‍ പിരിയുമ്പോള്‍ പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നു. വിപണിയിലുള്ള ഔഷധത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു അക്ഷരം മാറ്റിയാണ് പുതിയവ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ യഥാര്‍ത്ഥ പേരിനോട് സാമ്യമുള്ള തമ്മില്‍ തിരിച്ചറിയാനാകാത്ത നിരവധി ഔഷധങ്ങളാണ് വിപണിയില്ഉള്ളത്.
ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍
ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ പരസ്യം നല്കുന്നതിനു മുമ്പ് അവയുടെ വിശദവിവരവും ഔഷധത്തിന്റെ സാമ്പിളും ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ഇനി നല്‍കണം. ഈ ഔഷധം കഴിച്ചാല്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന അസുഖങ്ങള്‍ ഭേദമാക്കുന്നതോടൊപ്പം മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണോ എന്ന വിശദമായ പരിശോധന ഡ്രഗ്സ് വിഭാഗം നടത്തണം. തെറ്റാണെങ്കില്‍ പരസ്യം മാറ്റിനല്‍കണം.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു യൂണിഫിക്കേഷന് നമ്പരും സര്‍ട്ടിഫിക്കറ്റും ഡ്രഗ്സ് വിഭാഗം നല്‍കും. ഇവ കൂടി ഉള്‍പ്പെടുത്തിവേണം പരസ്യം നല്‍കേണ്ടത്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഡ്രഗ്സ് വിഭാഗം പ്രത്യേക നിരീക്ഷണം നടത്തും.
അനുമതി നല്‍കാത്ത പരസ്യമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ആ ഔഷധം പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ഔഷധക്കമ്പനിയുടെ ലൈസന്‍സ് തന്നെ സസ്പെന്‍ഡു ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
കേരളത്തില്‍ മെല്ലെപ്പോക്ക്
ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ വിപണി കോടികള്‍ കൊയ്യുന്ന സംസ്ഥാനത്ത് പുതിയ നിയമം നടപ്പിലാക്കുന്നതില്‍ മെല്ലെപ്പോക്ക്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഭേദഗതി നിയമം സംസ്ഥാന ഗസറ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണം.
കഴിഞ്ഞ വര്‍ഷം നിയമം ഭേഗഗതി ചെയ്തെങ്കിലും സംസ്ഥാനത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. പരസ്യങ്ങളുടെ മേല്‍നോട്ടത്തിനായി പ്രോജക്ടര്‍ സ്ക്രീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഓഫീസില്‍ തയാറാക്കണം. അധികം ജീവനക്കാരെ നിയമിക്കണം. എന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ ഭവന് കെട്ടിടത്തിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തെ രണ്ട് മുറികളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഈ മുറികളില്‍ ആയുഷ് വിഭാഗത്തിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: