ഈക്ഷത്യധികരണം തുടരുന്നു
സൃഷ്ടിയുടെ കാര്യത്തില്‍ ഈക്ഷത എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അചേതനമായ പ്രധാനം ജഗത് കാരണമാകില്ല എന്ന് ഈ അധികരണത്തിലെ ആദ്യ സൂത്രത്തില്‍ വ്യക്തമാക്കി.എന്നാല്‍ പൂര്‍വ്വ പക്ഷം അടുത്ത വാദത്തെ കൊണ്ടുവരുന്നു.
പ്രധാനത്തിലും ഈക്ഷിതൃത്വം ഔപചാരികമായി പറയാമല്ലോ എന്ന്.അചേതനങ്ങളായവയെ സചേതനങ്ങളെ പോലെ സാധാരണ പറയാറുണ്ട്. ഉദാ. വണ്ടി പോകുന്നു, വെള്ളം ഒഴുകുന്നു. എന്നൊക്കെ.
ഇത് അചേതനമായ വണ്ടിയില്‍ പോകലിനെയും വെളളത്തില്‍ ഒഴുകലിനേയും കല്പിക്കുകയാണ്.പോകലും ഒഴുകലും ചേതനധര്മ്മങ്ങളാണ്. ഇതു പോലെ ഈ ക്ഷിതൃത്വം ഗൗണമാണ് മുഖ്യമല്ല എന്ന് കല്പ്പിച്ചാല് ജഗത് കാരണം പറഞ്ഞു കൂടെ എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം. ഇതിനുള്ള സമാധാനം അടുത്ത സൂത്രത്തില്‍ നല്കുന്നു.
സൂത്രം – ഗൗണശ്ചേന്ന ആത്മശബ്ദാത്.
ആത്മാവ് എന്ന ശബ്ദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഈക്ഷണമെന്നത് ഗൗണമായ അര്‍ത്ഥത്തിലാണ് പറഞ്ഞത് എന്നുള്ളത് ശരിയല്ല. ഗൗണം എന്നാല്‍ അപ്രധാനമായത്, ഗുണത്തെ അടിസ്ഥാനമാക്കിയത് എന്നാണ് അര്‍ത്ഥം.
അചേതനങ്ങളെ സചേതനങ്ങളാക്കി ഗൗണാര്ത്ഥത്തില് പ്രയോഗിക്കാറുള്ളതുപോലെയാണ് പ്രധാനം സഷ്ടിചെയ്യണമെന്ന് സങ്കല്പിച്ചുവെന്നള്ള പൂര്‍വ്വ പക്ഷ വാദം. അത് ശരിയല്ല. എന്തുകൊണ്ടെന്നാല്‍ ജഗത് കാരണത്തിന് ആത്മാവ് എന്ന പദത്തെ ഉപയോഗിച്ചിരിക്കുന്നതിനാലാണത.്
ആത്മാ വാ… എന്നാരംഭിക്കുന്ന മന്ത്രത്തില്‍ ആദ്യം തന്നെ ആത്മ ശബ്ദത്തെ ഉപയോഗിച്ചത് ഈക്ഷണം എന്നതിനെ പ്രകൃതി അഥവാ പ്രധാനവുമായി യോജിപ്പിക്കേണ്ടതില്ല എന്ന് കാണിക്കാനാണ്.
ഛാന്ദോഗ്യത്തില്‍ ‘സേയം ദേവതൈക്ഷത… നാമരൂപേ വ്യാകരവാണി’ എന്ന മന്ത്രം ആത്മാവിന്റെ സങ്കല്പത്തെപ്പറ്റി പറയുന്നുണ്ട്. ഇതിനെ പ്രധാനം എന്നതായി കണക്കിലെടുക്കാനാവില്ല. അചേതനമായ പ്രധാനത്തില്‍ നിന്നെങ്ങനെ ദേവതകളും ജീവാത്മാവുമുണ്ടാകും? അത് സാധ്യമല്ല.
ഛാന്ദോഗ്യത്തില്‍ തന്നെ ‘ഐതദാത്മ്യമിദം സര്‍വ്വം തത് സത്യം സ ആത്മാ തത്ത്വമസി ശ്വേതകേ തോ’ എന്ന മന്ത്രത്തില്‍ ഈ കാണപ്പെടുന്ന സര്‍വ്വവും ഇവന്റെ സ്വരൂപമാകുന്നു. അവന് എങ്ങും എല്ലാറ്റിലും ആത്മാവായിരിക്കുന്നു. ശ്വേതകേതോ, നീ ആ ബ്രഹ്മസ്വരൂപമായ ആത്മാവാണ് എന്ന് പറയുന്നുണ്ട്. ചേതനനായ ശ്വേതകേതുവിന്റെ സ്വരൂപം ആത്മസ്വരൂപമായ ബ്രഹ്മമാണ് എന്നാണ് ഉപദേശിച്ചിരിക്കുന്നത്. അതിനാല്‍ ഈ ശ്രുതിവാക്യം നോക്കിയാലും അചേതനമായ പ്രധാനം അല്ല ജഗത് കാരണം. അതിനാല്‍ ഈക്ഷത എന്ന ക്രിയയുടെ മുഖ്യമായ അര്‍ത്ഥം തന്നെയെടുത്ത് ബ്രഹ്മമാണ് ജഗത് കാരണം എന്ന് ഉറപ്പിക്കാം. ഗൗണാര്ത്ഥം പരിഗണിക്കേണ്ടതില്ല.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിചാരം അഥവാ ഈക്ഷണ ധര്‍മ്മം ഗുണ സ്വരൂപമാണെങ്കിലും ജഗത്തിന് കാരണം എല്ലാ ഗുണങ്ങളുടേയും ആധാരവും അതേ സമയം നിര്‍ഗുണവുമായ ബ്രഹ്മം തന്നെയാണ്. ജഡമായ പ്രകൃതി അഥവാ പ്രധാനമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: