അടിമാലി: പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും അധികൃതര്‍ കനിയാതെ വന്നതോടെ കൈക്കൂലി നല്‍കാന്‍ വൃക്ക വില്‍പ്പനക്കെന്ന് വീടിന് മുന്നില്‍ എഴുതിവെച്ച വൃദ്ധ ദമ്പതികള്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍.
ഇത് സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബുവും എംഎല്‍എ എസ്. രാജേന്ദ്രനും സ്ഥലത്തെത്തി പരിശോധന നടത്തി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് കൂടുതല്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്നും കളക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍പ്പെട്ട തണ്ണിക്കാട്ട് ജോസഫാണ് വീടിന്റെ മേല്‍ക്കൂരയില്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തിയത്. ഇത് നാട്ടുകാര്‍ അറിയുകയും വാര്‍ത്ത ആവുകയുമായിരുന്നു.
ജോസഫും ഭാര്യ ആലീസും കാല്‍ നൂറ്റാണ്ടായി താമസിക്കുന്ന പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയിലാണ്. വീടിന്റെ രണ്ട് മുറികള്‍ വാടകയ്‌ക്ക് നല്‍കി ഇതില്‍ നിന്നുള്ള വരുമാനത്തിലായിരുന്നു ജീവിതം. പ്രളയ സമയത്ത് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകരുകയായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റ് ഈ മണ്ണ് നീക്കി. ഇതിന് ശേഷം വീട് പുനര്‍നിര്‍മ്മിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും സഹായത്തിന് കൈക്കൂലി ആവശ്യപ്പെട്ടതായാണ് ജോസഫ് പറയുന്നത്. അതേ സമയം ഇത്തരത്തിലൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രാഥമിക സഹായമായ 10,000 രൂപ നല്‍കിയിരുന്നതായുമാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നത്. ജിയോ ടാഗിങ് വഴി വീടിന് അനുവദിച്ച തുക കുറഞ്ഞുപോയതായി ജോസഫ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പരിശോധന നടന്ന് വരികയാണെന്നും ലഭ്യമാക്കാവുന്നതിന്റെ പരമാവധി സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
















