തിരുവനന്തപുരം: ആരോടും ഒരു തരത്തിലുമുള്ള ഉത്തരവാദിത്വമില്ലാത്ത അനാവശ്യമായി കാര്‍ക്കശ്യം കാണിച്ച് കാര്യതാമസം ഉണ്ടാക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൊച്ചുമകളാണ് ദേവികുളം സബ് കലക്ടര്‍ രേണുരാജെന്ന വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. റവന്യൂ അധികാരികളെ ആദ്യം തടഞ്ഞത് സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്നും, എംഎല്‍എ സ്ഥലത്ത് എത്തി റവന്യൂ അധികാരികളുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് തന്റെ സാന്നിധ്യത്തില്‍ പണി തുടരുകയാണ് ചെയ്തതെന്നും ഗോപകുമാര്‍ മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
മലയോരത്താകെ നടന്ന ബ്യൂറോക്രറ്റിക് നിയന്ത്രണത്തെ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ഇടപെടുത്തി ഭൂമി സംരക്ഷിച്ചുകളയാമെന്ന മൗഢ്യമാണ് രേണുരാജിലും വെങ്കിട്ടരാമനിലുമൊക്കെ. ഐഎഎസ് ബ്യൂറോക്രാറ്റുകളുടെ മഹത്വം വിളമ്പി വരരുതെന്നും ഒരുപാട് പറഞ്ഞു പോകുമെന്ന ഭീഷണിയും ഫേസ്ബുക്കിലൂടെ ഗോപകുമാര്‍ നല്‍കുന്നു. സമ്പൂര്‍ണ്ണ പ്രതീക്ഷ അര്‍പ്പിച്ച് പരിസ്ഥിതിയും നാടും സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ക്ക് രേണുവിന്റെയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഗതി വരുമെന്ന് പറയാതെ പറഞ്ഞാണ് ഗോപകുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
















