കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ശിവരിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ഇന്ന് രാവിലെ 9ന് വര്‍ക്കല ശിവഗിരിയില്‍ തുടക്കമാകും. 69.47 കോടി ചെലവ് വരുന്ന പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര ഏജന്‍സിയായ ഇന്ത്യ ടൂറിസം ഡവലപ്പമെന്റ് കോര്‍പ്പറേഷനെ (ഐടിഡിസി) ചുമതലപ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക വിനോദസഞ്ചാര വികസനത്തിന് അനുവദിച്ചത് കേരളത്തിനാണ്. ഇതുവരെ 550 കോടി രൂപയാണ് ആറ് പദ്ധതികള്‍ക്കായി നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ശബരിമലയ്ക്കായി 100 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഒരു രൂപ പോലും ഇതു വരെ ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സ്വദേശി ദര്ശന് സ്കീമില്‍ ഉള്‍പ്പെടുത്തി അഞ്ച് പദ്ധതികളും പ്രസാദത്തില്‍ ഒരു പദ്ധതിയുമാണുള്ളത്. ശബരിമല (100 കോടി), മലബാര്‍ ക്രൂയിസ് ടൂറിസം (80.3 കോടി), ശിവഗിരി സര്‍ക്യൂട്ട് (69.47 കോടി), ഗവി- വാഗമണ്‍ സര്‍ക്യൂട്ട് (76.5 കോടി), കേരള സ്പിരിച്യൂവല് ടൂറിസം പദ്ധതി പ്രകാരം 133 ആരാധാനലയങ്ങള്‍ക്ക് (85.23 കോടി), പ്രസാദം പദ്ധതി പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തിന് (44 കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 133 ആരാധനാലയങ്ങള്‍ക്കുള്ള കേരള സ്പരിച്യൂവല് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം 16ന് പത്തനംതിട്ടയില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നിര്‍വഹിക്കും. ഗവി- വാഗമണ്‍ സ്വദേശി ദര്ശന് പദ്ധതി 17ന് വാഗമണില്‍ ഉദ്ഘാടനം ചെയ്യുമെന്നും കണ്ണന്താനം പറഞ്ഞു.
പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പരിഹാരമായി ടൂറിസം മന്ത്രാലയം സാംസ്കാരിക പരിപാടി നടത്തും.
ആദ്യത്തെ പരിപാടി 23ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ്. രണ്ടാമത്തെ പരിപാടി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനിയറിങ് കോളേജില്‍ 24ന് നടക്കും.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: