കൊച്ചി: വികാരിമാര്‍ക്കും സഭാ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങളില്‍ പെരുമാറ്റത്തിന് കൂച്ചുവിലങ്ങുമായി കത്തോലിക്കാ സഭ. സഭയിലും സഭാ സ്ഥാപനങ്ങളിലും കര്‍ക്കശ നിലപാടുള്ള പ്രവര്‍ത്തന മാര്‍ഗരേഖ കത്തോലിക്കാ സഭ പുറത്തിറക്കി. ബിഷപ് ഫ്രാങ്കോയുടെ കന്യാസ്ത്രീ ബലാത്സംഗം വന്‍ വിവാദമാവുകയും സമാനമായ ഒട്ടേറെ സംഭവങ്ങള്‍ വാര്‍ത്തയാകുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. 16 പേജുകളില്‍, ലൈംഗിക ചൂഷണങ്ങള്‍ക്കുള്ള പഴുതുകളെല്ലാം അടച്ചാണ് രേഖ.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗരേഖയാണ് കേരള കാത്തലിക്ക് ബിഷപ്സ് കൗണ്‍സില്‍ പുറത്തിറക്കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പള്ളികളിലോ വികാരിമാര്‍ക്കൊപ്പമോ താമസിപ്പിക്കരുതെന്ന് മാര്‍ഗ രേഖ പറയുന്നു. ലൈംഗികാതിക്രമം ശ്രദ്ധയില്‍ പെട്ടാല്‍ സഭാ ചട്ടപ്രകാരം നടപടിയെടുക്കണം, ഒപ്പം പോലീസിനെ അറിയിക്കണം. ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന തമാശകളില്‍ നിന്ന് വികാരിമാര്‍ വിട്ട് നില്‍ക്കണം.
സാധാരണ മെത്രാന്മാര്‍ക്ക് മാത്രമാണ് മാര്‍ഗരേഖ നല്‍കുക. ഇത്തവണ സഭയിലെ മുഴവന്‍ വികാരിമാര്‍ക്കും വിശ്വാസികള്‍ക്കും മാര്‍ഗരേഖ നല്‍കും.
വികാരിമാര്‍ ലൈംഗിക അതിക്രമ കേസുകളിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം. പീഡനത്തിന് ഇരയാകുന്നവരോട് സഭയിലുള്ളവര്‍ അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കണം, തുടങ്ങി 16 വിഭാഗങ്ങളിലായാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. മാസിക, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും പുലര്‍ത്തേണ്ട മര്യാദകള്‍, ജോലിക്കും സഹായങ്ങള്‍ക്കും പകരം ലൈംഗിക ആനുകൂല്യങ്ങള്‍ നേടല്‍ തുടങ്ങി എണ്ണിപ്പറഞ്ഞാണ് വിലക്കുകള്‍.
സ്ത്രീകളെക്കൂട്ടി രാത്രിയാത്ര പാടില്ലെന്നുള്‍പ്പെടെ ലൈംഗിക ചൂഷണങ്ങള്‍ക്ക് സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ചാണ് മാര്‍ഗ രേഖ.
















