ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം സെനഗല്‍ പോലീസ് അറസ്റ്റ് ചെയ്ത രവി പൂജാരി കൊടുംക്രിമിനല്‍. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പണം തട്ടല്‍ തുടങ്ങി അനവധി കേസുകള്‍. ഒന്നാം നിര അഭിഭാഷകരെ വരെ ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയിട്ടുണ്ട്. കൊച്ചിയില്‍ നടി മരിയ ലീനാ പോള്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിലെ വെടിവയ്‌പ്പുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.
ഓസ്‌ട്രേലിയയിലാണ് ഇയാളുടെ പ്രധാന താവളം. മുംബൈയിലാണ് തൊഴില്‍ തുടങ്ങിയത്. തന്റെ ശത്രു ബാലാ സാള്‍ത്തെയെ കൊന്നതാണ് തുടക്കം. പിന്നെ അധോലോക ഗുണ്ട ഛോട്ടാരാജന്റെ സംഘത്തിലെത്തി. 90 കളില്‍ ദുബായിയിലേക്ക് കടന്നു. അവിടം കേന്ദ്രമാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി. പിന്നീട് രാജനുമായി അകന്നു.
തൊണ്ണൂറുകളുടെ പകുതിയില്‍ ഇയാളുടെ ആള്‍ക്കാര്‍ ചെമ്പൂരിലെ പ്രമുഖ കെട്ടിട നിര്‍മാതാവ് ഓം പ്രകാശ് കുക്രജെയെ വധിച്ചു. എട്ടു വര്‍ഷത്തിനു ശേഷം സുരേഷ് വാധ്വയെന്ന നവി മുംബൈയിലെ വ്യവസായിയെ ആക്രമിച്ചുവെങ്കിലും ഓഫീസില്‍ ഒളിച്ചിരുന്ന് അയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഇന്ത്യ വിട്ട് പശ്ചിമ ആഫ്രിക്കയിലെ ബുര്‍ക്കിനാ ഫാസോയില്‍ താവളമുറപ്പിച്ചിരുന്ന പൂജാരി സെനഗലില്‍ നിന്നാണ് പിടിയിലായത്.
അറസ്റ്റിനു ശേഷം ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇയാളെ റെബ്യൂസ് ഡീറ്റെന്‍ഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പണംതട്ടല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ പൂജാരിയെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കുമെന്നാണ് സൂചന.
അറസ്റ്റിലാപ്പോള്‍ ആന്‍ഡ്രൂ ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള കള്ള പാസ്‌പോര്‍ട്ടും രവി പൂജാരിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇയാളെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
















