രാജാക്കാട്: ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകക്കേസിലെ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മേലുദ്യോഗസ്ഥര്‍ അറിയാതെ പ്രതിയുടെ ചിത്രം അടക്കമുള്ള വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ചായിരുന്നു രണ്ട് എഎസ്‌ഐമാരുള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെയാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. രാജാക്കാട് സ്റ്റേഷനിലെ എഎസ്‌ഐ സി.വി. ഉലഹന്നാന്‍, വെള്ളത്തൂവല്‍ സ്റ്റേഷനിലെ എഎസ്‌ഐ സജി എന്‍. പോള്‍, ശാന്തമ്പാറ സ്റ്റേഷനിലെ എആര്‍ സിപിഒ സനീഷ്, രാജാക്കാട് സ്റ്റേഷനിലെ സിപിഒമാരായ ഓമനക്കുട്ടന്‍, രമേശ് എന്നിവരെയാണ് സസ്പെന്‍ഡ്് ചെയ്തിരുന്നത്. കഴിഞ്ഞ 13ന് രാവിലെ നടുപ്പാറ റിഥംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ ജേക്കബ് വര്‍ഗീസ് (രാജേഷ്-40), ജീവനക്കാരനായ ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതി ബോബിനെ പിടികൂടുന്നതിനിടെയാണ് മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന് പേരുള്ള ഇവര്‍ക്ക് വീഴ്ച സംഭവിച്ചത്.
പ്രത്യേകം രൂപീകരിച്ച ആറംഗ പോലീസ് സംഘമാണ് തമിഴ്‌നാട് മധുരയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവിടെ വച്ച് അറസ്റ്റ് ചെയ്ത പ്രതിയുമൊത്തുള്ള ചിത്രമെടുത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിറ്റേ ദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ ഇത് പ്രസിദ്ധീകരിച്ചു. രാജാക്കാട് എസ്‌ഐ പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയതെന്ന നിലയില്‍ വാര്‍ത്ത വന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്.
എസ്പി ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായി കാട്ടി നിരവധി കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് വാര്‍ത്ത വന്നത് കേസന്വേഷണത്തെ ബാധിച്ചുവെന്നാണ് മേലുദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അതേസമയം, സംഭവത്തില്‍ രാജാക്കാട് എസ്‌ഐക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന എസ്പിയുടെ ശുപാര്‍ശ നിലനില്‍ക്കുന്നു.
















