കൊച്ചി: മുളന്തുരുത്തി പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് ഏതു സമയത്തും അടിയന്തര സഹായമെത്തിക്കാന്‍ സംവിധാനം. ഒറ്റയ്‌ക്കു കഴിയുന്നവര്‍ക്ക് അടുത്താളില്ലെന്ന അങ്കലാപ്പ് വേണ്ട; സഹായ യന്ത്രം അടുത്തുണ്ട്. അത്യാവശ്യം വന്നാല്‍, വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള അറിയിപ്പ് യന്ത്രത്തില്‍ വിരലൊന്നമര്‍ത്തിയാല്‍ മതി, ഞൊടിയിടയില്‍ സഹായിക്കാന്‍ ആശാവര്‍ക്കര്‍മാരും, കുടുംബശ്രീ അംഗങ്ങളും പോലീസും റെഡി.
വീടുകളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനായി മുളന്തുരുത്തി ജില്ലാപഞ്ചായത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ‘കൊച്ചിയിലെ മാജിക്’ എന്ന സ്ഥാപനമാണ് എമര്‍ജന്‍സി റസ്‌പോണ്‍സ് യന്ത്രം വികസിപ്പിച്ചത്. മക്കള്‍ വിദേശത്തായവരും ഒറ്റയ്‌ക്ക് കഴിയുന്നവരും അടിയന്തര വൈദ്യസഹായം വേണ്ടവരുമുള്ള 600 വീടുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇവിടെ പദ്ധതിയുടെ ഭാഗമായി അറിയിപ്പ് യന്ത്രങ്ങള്‍ സ്ഥാപിക്കും. അത്യാവശ്യം വന്നാല്‍ ആരേയും കാക്കണ്ട, ഒരു ഫോണ്‍വിളിക്കുപോലും സമയം പാഴാക്കേണ്ട, പഞ്ചായത്ത് മുറിക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള അറിയിപ്പ് യന്ത്രത്തിലെ ബട്ടന്‍ അമര്‍ത്തിയാല്‍ മതി. ഈ സംവിധാനത്തിലൂടെ അടുത്തുള്ള അഞ്ച് കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ സന്ദേശം ലഭിക്കും.
60 സെക്കന്റിനുള്ളില്‍ അവരില്‍ നിന്ന് പ്രതികരണം ലഭിച്ചില്ലെങ്കില്‍, മരടില്‍ സ്ഥാപിച്ചിട്ടുള്ള കണ്‍ട്രോള്‍സെന്റര്‍ വഴി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്കും പട്രോളിങ് സ്‌ക്വാഡിനും വിവരം ലഭിക്കും. സഹായം ആവശ്യപ്പെട്ടവരുടെ പേരും വിലാസവും ഫോണ്‍ നമ്പരും എസ്എംഎസ്സായി ലഭിക്കും. തിരികെ വീട്ടുകാരുമായി സമ്പര്‍ക്കത്തിനും സാധിക്കും. ബട്ടനില്‍ അമര്‍ത്തുമ്പോള്‍ കോള്‍ പോകുന്നതോടൊപ്പം തന്നെ മണി മുഴങ്ങുകയും ചെയ്യും.
അയല്‍ക്കാര്‍ക്ക് ഇത് തിരിച്ചറിഞ്ഞ് ഇവരുടെ സഹായത്തിന് എത്താനും കഴിയും എന്നതും പ്രത്യേകതയാണ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തില്‍ ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം വരെ വൈദ്യുതിയില്ലാതെ പ്രവര്‍ത്തിപ്പിക്കാനകും. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കൊച്ചിയിലെ മാജിക്കിന്റെ ചെയര്‍മാന്‍ ഡോ. പ്രവീണ്‍ പറഞ്ഞു.
















