കൊച്ചി : വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന ടോള്‍ പിരിവ് താത്കാലികമായി നീട്ടിവെച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷമേ ടോള്‍ പിരിവ് തുടങ്ങൂവെന്ന് ദേശീയ പാത അതോറിട്ടി അറിയിച്ചു. എന്നാല്‍ രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ റോഡില്‍ ടോള്‍ പിരിവ് ആരംഭിക്കാനാണ് ദേശീയപാത അതോറിട്ടി നേരത്തെ തീരുമാനിച്ചത്. വിവരമറിഞ്ഞ് രാവിലെ മുതല്‍തന്നെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി പ്രതിഷേധവുമായി എത്തിയിരുന്നു.
സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും പ്രദേശവാസികള്‍ക്ക് ടോള്‍ നിരക്കില്‍ ഇളവ് വേണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലീസ് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തുകയായിരുന്നു. ടോള്‍ പിരിവ് കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്ക് മാത്രമാണെന്ന് അറിയിച്ചെങ്കിലും പ്രദേശവാസികള്‍ അംഗീകരിച്ചില്ല.
പിന്നീട് ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെയ്‌ക്കുകയാണെന്ന് പോലീസും അതോറിട്ടിയും അറിയിക്കുകയായിരുന്നു. എന്നാല്‍ അധികൃതര്‍ നേരിട്ടെത്തി രേഖാമൂലം ഉറുപ്പു നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
















