നേപ്പിയര്‍: കളിയുടെ സമസ്തമേഖലകളിലും മിന്നത്തിളങ്ങിയ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ കോഹ്‌ലിയും കൂട്ടരും എട്ട് വിക്കറ്റിന്റെ അനായാസ വിജയം നേടി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലായി.
മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുളള ബൗളിങ്ങ് നിര ന്യൂസിലന്‍ഡിനെ 157 റണ്‍സിന് എറിഞ്ഞിട്ടു. തുടര്‍ന്ന് ശിഖര്‍ ധവാനും (75 നോട്ടൗട്ട്), നായകന്‍ കോഹ്‌ലിയും (45) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്തി. ആറ് ഓവറില്‍ പത്തൊന്‍പത് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത ഷമിയാണ് കളിയിലെ കേമന്‍.
അസ്തമയസൂര്യന്റെ പ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലേക്ക് അടിച്ചതിനെതുടര്‍ന്ന് അരമണിക്കൂര്‍ നിര്‍ത്തിവെച്ച മത്സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 49 ഓവറില്‍ 157 റണ്‍സായി പുതുക്കി നിശ്ചയിച്ചു. 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
ഓസ്‌ട്രേലിയയിലെ ചരിത്രവിജയത്തിന്റെ ആവേശത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യ തുടക്കം മുതലേ കിവികളെ തലപൊക്കാന്‍ അനുവദിച്ചില്ല. ടോസ് നേടി ബാറ്റ്‌ചെയ്ത ആതിഥേയരുടെ വിക്കറ്റുകള്‍ ഓരോ ഇടവേളകളിലും നിലംപൊത്തി. മുഹമ്മദ് ഷമിയാണ് ആദ്യ തിരിച്ചടി നല്‍കിയത്. ഓപ്പണര്‍മാരായ ഗുപ്ടിലിനെയും (5), മണ്‍റോയേയും (8) ക്ലിന്‍ ബൗള്‍ഡാക്കി. രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ കിവീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ പതിനെട്ട് റണ്‍സ്മാത്രം.
തുടര്‍ന്ന് കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും തിരിയുന്ന പന്തുകളില്‍ കവീസിനെ കറക്കിയിട്ടു. കുല്‍ദീപ് പത്ത്് ഓവറില്‍ 39 റണ്‍സിന് നാല് വിക്കറ്റും ചഹല്‍ പത്ത് ഓവറില്‍ 43 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി. ജാദവിന് ഒരു വിക്കറ്റ് ലഭിച്ചു.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് മാത്രമേ ഇന്ത്യയുടെ സ്പിന്‍- പേസ് ആക്രമണത്തിന് മുന്നില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ. 81 പന്തില്‍ ഏഴ് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 64 റണ്‍സ് എടുത്തു. കുല്‍ദീപിന്റെ പന്തിലാണ് വില്യംസണ്‍ വീണത്. ബാറ്റിങ്ങ് ശരാശരിയില്‍ കോഹ് ലിക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന റോസ് ടെയ്‌ലര്‍ക്ക് തിളങ്ങാനായില്ല. 24 റണ്‍സ് എടുത്ത ടെയ്‌ലര്‍ ചഹലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി.
ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് അസ്തമയ സൂര്യന്‍ പ്രശ്്‌നമുണ്ടാക്കിയത്. സൂര്യപ്രകാശം നേരിട്ട് കണ്ണിലേക്ക് പതിക്കുന്നതിനാല്‍ പന്ത് കാണാന്‍ കഴിയുന്നില്ലെന്ന് ധവാന്‍ അമ്പയറോട് പറഞ്ഞു. തുടര്‍ന്നാണ് കളി അരമണിക്കൂര്‍ നിര്‍ത്തിവെച്ചത്. സാധാരണ സ്‌റ്റേഡിയങ്ങള്‍ തെക്ക് വടക്കായിട്ടാണ് നിര്‍മ്മിക്കുന്നത്. പക്ഷെ നേപ്പിയറിലെ സ്‌റ്റേഡിയം കിഴക്ക് പടിഞ്ഞാറായിട്ടാണ് നിര്‍മിച്ചരിക്കുന്നത്. ഇതാണ് പ്രശ്‌നമായത്. ഇതാദ്യമായാണ് സൂര്യപ്രകാശം പ്രശ്‌നമായതിനെ തുടര്‍ന്ന്് കളി നിര്‍ത്തിവയ്‌ക്കുന്നത്.
വിജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ, ക്യാപ്റ്റന്‍ കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ശര്‍മ പതിനൊന്ന് റണ്‍സിന് വീണു. പിന്നീട് കോഹ്‌ലിയും ധവാനും പിടിച്ചുനിന്ന് ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 91 റണ്‍സ് അടിച്ചുകൂട്ടി. അമ്പത്തിയൊമ്പത് മിനിറ്റില്‍ അത്രയും തന്നെ പന്തുകള്‍ നേരിട്ട കോഹ്‌ലി അര്‍ധസെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ വച്ച് പുറത്തായി. തുടര്‍ന്ന് അമ്പാട്ടി റായ്ഡുവും ധവാനും ചേര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 103 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 75 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു. പതിമൂന്ന് റണ്‍സ് കുറിച്ച റായ്ഡുവും പുറത്തായില്ല.
സ്‌കോര്‍ബോര്‍ഡ്
ന്യൂസിലന്‍ഡ് : എം.ജെ.ഗുപ്ടില്‍ ബി മുഹമ്മദ് ഷമി 5, സി.മണ്‍റോ ബി മുഹമ്മദ് ഷമി 8, കെ.എസ്.വില്യംസണ്‍ സി ശങ്കര്‍ ബി കുല്‍ദീപ് യാദവ് 64, എല്‍.ആര്‍.പി.എല്‍ ടെയ്‌ലന്‍ സി ആന്‍ഡ് ബി ചഹല്‍ 24, ടി.ലാതം സി ആന്‍ഡ് ബി ചഹല്‍ 11, എച്ച്.എം.നിക്കോള്‍സ് സി കുല്‍ദീപ് യാദവ് ബി ജാദവ് 12, എം.ജെ.സാന്റര്‍ എല്‍.ബി.ഡബ്‌ളിയു ബി മുഹമ്മദ് ഷമി 14, ഡി.എ.ജെ. ബ്രെയ്‌സ്‌വെല്‍ ബി കുല്‍ദീപ് യാദവ് 7, ടി.ജി. സൗതി നോട്ടൗട്ട് 9, എല്‍.എച്ച്. ഫെര്‍ഗുസണ്‍ സ്റ്റമ്പഡ് ധോണി ബി കുല്‍ദീപ് യാദവ് 0, ടി.എ.ബോള്‍ട്ട് സി ശര്‍മ ബി കുല്‍ദീപ് യാദവ് 1, എക്‌സ്ട്രാസ് 2, ആകെ 38 ഓവറില്‍ 157 .വിക്കറ്റ് വീഴ്ച: 1-5, 2-18, 3-52, 4-76, 5-107, 6-133, 7-146, 8-146, 9-148.
ബൗളിങ്ങ്: ബി.കുമാര്‍ 5-0-20-0, മുഹമ്മദ് ഷമി 6-2-19-3, വി.ശങ്കര്‍ 4-0-19-0, യുസ്‌വേന്ദ്ര ചഹല്‍ 10-0-43-2, കുല്‍ദീപ് യാദവ് 10-1-39-4. കേദാര്‍ ജാദവ് 3-#ം0-17-1.
ഇന്ത്യ ആര്‍.ജി.ശര്‍മ സി ഗുപ്ടില്‍ ബി ബ്രെയ്‌സ്‌വെല്‍ 11, എസ്.ധവാന്‍ നോട്ടൗട്ട് 75, വി. കോഹ്‌ലി സി ലാതം ബി ഫെര്‍ഗുസണ്‍ 45, അമ്പാട്ടി റായ്ഡു നോട്ടൗട്ട്് 13, എക്‌സ്ട്രാസ് 12, ആകെ 34.5 ഓവറില്‍ 156.
വിക്കറ്റ് വീഴ്ച: 1-41, 2-132
ബൗളിങ്ങ്: ടി.എ.ബോള്‍ട്ട് 6-1-19-0, ടി.ജി. സൗതി 6.5-0-36-0, എല്‍.എച്ച്.ഫെര്‍ഗുസണ്‍ 8-0-41-1, ബ്രെയ്‌സ്‌വെല്‍ 7-0-23-1, എം.ജെ. സാന്റര്‍ 7-0-32-0.
















