ന്യൂദല്‍ഹി: സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് വിധിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ വീണ്ടും കുരുക്കില്‍. മറ്റൊരു കൂട്ടക്കൊലക്കസില്‍ ഇയാളെ ഹാജരാക്കാന്‍ ദല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടു. കേസില്‍ 28ന് വീണ്ടും വാദം കേള്‍ക്കും.
സുല്‍ത്താന്‍ പുരിയില്‍ കലാപമുണ്ടാക്കി, കൂട്ടക്കൊല നടത്തിയെന്നതാണ് രണ്ടാമത്തെ കേസും. ബ്രഹ്മാനന്ദ ഗുപ്ത, വേദപ്രകാശ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സിഖ് വിരുദ്ധകലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശ പ്രകാരം സിബിഐയാണ് ഈ കേസും എടുത്തത്.
നവംബര്‍ 16ന് കേസിലെ സാക്ഷി ചാം കൗര്‍ സജ്ജനെ തിരിച്ചറിഞ്ഞിരുന്നു. സിഖുകാരെ കൊലപ്പെടുത്താന്‍ കലാപകാരികളെ പ്രേരിപ്പിച്ചത് സജ്ജനാണെന്ന് ചാം കൗര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 84ല്‍ സുല്‍ത്താന്‍പുരിയില്‍ സിഖുകാരെ കൊന്നൊടുക്കാന്‍ ഇയാള്‍ ആഹ്വാനം ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും കൗര്‍ കോടതിയില്‍ വെൡപ്പെടുത്തി. കേസിലെ മറ്റൊരു സാക്ഷി ഷീലാ കൗറും സജ്ജനെ തിരിച്ചറിഞ്ഞു. ഇയാളാണ് ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്നും ഷീല ചൂണ്ടിക്കാട്ടി.
ദല്‍ഹി ഹൈക്കോടതിയാണ് കര്‍കര്‍ദൂമാ കോടതിയില്‍ നിന്ന് കേസ് പാട്യാല ഹൗസ് കോടതിയിലേക്ക് മാറ്റിയത്. സജ്ജന്‍ ഇപ്പോള്‍ദല്‍ഹി മണ്ഡോൡ ജയിലിലാണ്.
തെക്കന്‍ ദല്‍ഹിയിലെ പാലം കോളനിയില്‍ അഞ്ച് സിഖുകാരെ വധിക്കുകയും ഗുരുദ്വാര കത്തിക്കുകയും ചെയ്ത കേസിലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.
















