1976-77 മണ്ഡല മകരവിളക്കുസമയത്ത് 15 ദിവസം പമ്പയിലും 15 ദിവസം സന്നിധാനത്തും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയില്‍ ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണു ഞാന്‍. അന്ന് തിരുവനന്തപുരം ഹോമിയോപ്പതി ഡയറക്ടറേറ്റില്‍നിന്ന് പായ്‌ക്ക്‌ചെയ്ത ഔഷധങ്ങളുമായി മെഡിക്കല്‍ ഓഫീസര്‍മാരായ രവി എം നായര്‍, ശാന്തകുമാര്‍ എന്നിവരോടൊപ്പം ചാലക്കയത്ത് ബസ്സില്‍ ഇറങ്ങിയത് മുതലുള്ള ഒരുമാസക്കാലം ഓര്‍മ്മയിലെത്തുന്നു.
ബസ്സ് ടെര്‍മിനലായി അന്നുണ്ടായിരുന്ന ചാലക്കയത്തുനിന്ന് ചുമട്ടുതൊഴിലാളികളായ സ്വാമിമാര്‍ ഔഷധങ്ങളെടുത്തും, സ്വന്തം ലഗേജുകളുമായി ഞങ്ങളും പമ്പയിലേക്ക് നടന്നു. ഗണപതികോവിലിന് മുന്നില്‍ ഇടതുഭാഗത്തായി ഇന്നത്തെ ആയുഷ്-ആരോഗ്യമന്ദിരങ്ങളുടെ സ്ഥാനത്ത് ഉണ്ടായിരുന്ന ഓലമേഞ്ഞ (അതോ തേക്കിലയോ, വ്യക്തമായി ഓര്‍ക്കാനാവുന്നില്ല) ഷെഡില്‍ ആയിരുന്നു ക്ലിനിക്. ഈറയും മരപ്പലകയും കൊണ്ട് കെട്ടിയുണ്ടാക്കിയതായിരുന്നു ഫര്‍ണിച്ചറുകള്‍. രാവും പകലും ഭേദമില്ലാതെ സ്വാമിമാര്‍ക്കു വൈദ്യസഹായം ചെയ്തുപോന്ന സുവര്‍ണ്ണദിനങ്ങള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷം. ദൂരെ പാര്‍ക്കിംഗ് ഗ്രൗണ്ട് ഉണ്ടാക്കാനായി കുന്നിടിച്ചുനിരത്തുന്ന ഒച്ച ശരണമന്ത്രങ്ങളാല്‍ നിഷ്പ്രഭമായിക്കൊണ്ടേയിരുന്നു.
സന്നിധാനത്തേക്കും തിരിച്ചും രാവിലെയും വൈകിട്ടും ചുറുചുറുക്കോടെ കയറിയിറങ്ങി കൃത്യനിര്‍വ്വഹണം നടത്തിയിരുന്ന ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ദിനകര്‍ സ്വാമിയും, അയ്യപ്പസേവാസംഘം ചുക്കുവെള്ളം ചുമതലനോക്കിയിരുന്ന ആണ്ടൂര്‍ സ്വാമിയും ഇപ്പോഴും കണ്‍മുന്നിലെന്നപോലെ തെളിയുന്നു. സായാഹ്നങ്ങളിലെ പോലീസ് അയ്യപ്പന്മാരുടെ ഭജന കാതില്‍ മുഴങ്ങുന്നതുപോലെ.
അന്നുമുണ്ടായിരുന്നു സന്നിധാനത്തു ജലദൗര്‍ലഭ്യം. നെറ്റിമുറിഞ്ഞ ഒരു ഭക്തന്റെ മുറിവുകഴുകാന്‍ വെള്ളം ഇല്ലാഞ്ഞ് കഞ്ഞിക്ക് അരി കഴുകിയ കാടി വാങ്ങിക്കൊണ്ടുവന്ന ഞങ്ങളുടെ ഫാര്‍മസിസ്റ്റ്. തലപൊട്ടിയ സ്വാമിയുടെ മുറിവുകഴുകി ഡ്രസ്സുചെയ്തു. അന്ന് ആഭക്തന്റെ നെറ്റിപൊട്ടി കാടികൊണ്ടു കഴുകി മരുന്നു വയ്‌ക്കേണ്ടിവന്നപ്പോഴുണ്ടായ ദുഃഖവും ഇന്നത്തെ ശബരിമലയുടെ അവസ്ഥയും തമ്മില്‍ തട്ടിച്ചുനോക്കുമ്പോള്‍ എന്റെ ദുഃഖം ശതഗുണീഭവിച്ചിരിക്കുകയാണ്. അന്ന് ഭക്തിസാന്ദ്രവും ഇന്ന് ദുഃഖസാന്ദ്രവും. സ്വാമിയേ ശരണമയ്യപ്പാ !
ഡോ. ബാലഗോപാല പ്രസാദ്, പുതുക്കാട്
മാനസാന്തരം വന്നവരെയേ മോചിപ്പിക്കാവൂ
സംസ്ഥാനത്ത് കഴിഞ്ഞ ഇടതുഭരണകാലത്ത് 209 പേരെ ജയിലില്‍നിന്നു മോചിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി. പരിശോധന വേണ്ടവിധം നടത്താതെയാണ് ഇവരെ പുറത്തുവിട്ടതെന്ന് ഹൈക്കോടതി കണ്ടെത്തി! 6 മാസത്തിനുള്ളില്‍ പരിശോധനനടത്തി അനര്‍ഹരെ ജയിലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കോടതി ആവശ്യപ്പെട്ടു. നല്ലത്. ചിലതുകുറിക്കട്ടെ, നാട് കുട്ടിച്ചോറാക്കിയവര്‍ മാനസാന്തരം വരാതെ സമൂഹത്തില്‍ എത്തിച്ചേരുന്നത് ഗുണംചെയ്യുമോ? ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവര്‍ പോലും ജയില്‍മോചിതരാകുന്നത് ഞെട്ടിപ്പിക്കുന്നതല്ലേ? സിപിഎം തടവുകാര്‍ക്ക് ജയില്‍ സുഖവാസകേന്ദ്രം പോലെയാകുന്നത് ലജ്ജാകരമാണ്. ഇത്തരം സാഹചര്യത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് എങ്ങനെ മാനസാന്തരം കൈവരും? കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ മദ്യവും, മൊബൈല്‍ ഫോണും, മറ്റുസൗകര്യങ്ങളും ഇടതുപാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന പത്രവാര്‍ത്തകള്‍ പലപ്പോഴും വായിക്കാറുണ്ട്. ചിലര്‍ക്ക് യഥേഷ്ടം പരോളും ലഭിക്കുന്നു! ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കേണ്ട മാനദണ്ഡം എത്രവര്‍ഷം കഴിഞ്ഞുവെന്നതല്ല; അവര്‍ക്ക് മാനസാന്തരം വന്നുവോ എന്നതായിരിക്കണം.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
















