തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനായി വാദിക്കുന്നവരെ കലാപകാരികളാക്കി ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍.
കേരള നവോത്ഥാനത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ എന്‍എസ്എസും, യോഗക്ഷേമ സഭയും കോടിക്കണക്കിന് വരുന്ന വിശ്വാസികളുമൊക്കെ കലാപകാരികളാണോയെന്ന് സര്‍ക്കാരും സിപിഎമ്മും വ്യക്തമാക്കണം. നവോത്ഥാനം എന്ന പേരില്‍ വിശ്വാസികളെ വഞ്ചിച്ചതിന്റെ ജാള്യം മറയ്‌ക്കാന്‍ അണികളെ ഉപയോഗിച്ച് സിപിഎം അക്രമം അഴിച്ചു വിടുകയാണ്. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎം തെരുവിലിറങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഒരു സംഘടന നടത്തിയ ഹര്‍ത്താലിനെ നേരിടാന്‍ മറ്റൊരു സംഘടന രംഗത്തെത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. സിപിഎം ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ വേട്ടയാടുകയാണ്.
പതിനായിരക്കണക്കിന് വിശ്വാസികളെയാണ് പിണറായിയുടെ പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത്. വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശക്തി ഹൈന്ദവസമൂഹത്തിനുണ്ടെന്ന് ഭരണാധിപന്‍മാര്‍ മനസ്സിലാക്കണം.
ലക്ഷക്കണക്കിന് അമ്മമാരുടെ പ്രാര്‍ത്ഥനയും ത്യാഗവുമാണ് ഈ പോരാട്ടത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസും പന്തളം രാജകുടുംബവും കാണിക്കുന്ന പോരാട്ട വീര്യം എല്ലാ ഹൈന്ദവ സംഘടനകള്‍ക്കും മാതൃകയാണ്. വിശ്വാസ സമൂഹത്തിനൊപ്പം നിന്ന തന്ത്രിയെ ഭീഷണിപ്പെടുത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. കോടിക്കണക്കിന് അയ്യപ്പ ഭക്തന്‍മാരുടെ പിന്തുണ ഇക്കാര്യത്തില്‍ തന്ത്രിക്കുണ്ടാകുമെന്നും പി.പി മുകുന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
















