തിരുവനന്തപുരം: ഇടത്, വലത് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു).
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങളുന്നയിച്ചല്ല പണിമുടക്ക് നടത്തുന്നത്. രണ്ട് ഗഡു ക്ഷാമബത്താകുടിശിക അനുവദിക്കാനോ, അഞ്ചര മാസങ്ങള്‍ക്കുശേഷം സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയമിക്കാനോ തയാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്‌ട്രീയപ്രേരിതമായ പണിമുടക്കാണിത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ ആറായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ അധ്യാപകസമൂഹം സമരം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിനെതിരെയാണ്. പങ്കാളിത്തപെന്‍ഷനെതിരെ വോട്ടു നേടി അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോള്‍ പിഎഫ്ആര്‍ ഡിഎ ബില്ലിന്റെ പേരില്‍ സമരം നടത്തുന്നത് വഞ്ചനയാണ്.
രാഷ്‌ട്രീയപ്രേരിതമായ പണിമുടക്കില്‍ നിന്ന് അധ്യാപക സമൂഹം വിട്ടു നില്‍ക്കണമെന്ന് എന്‍ടിയു അഭ്യര്‍ഥിക്കുന്നു. ജോലി ചെയ്യാന്‍ തയാറായി വരുന്നവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
















