ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വോട്ടുവാങ്ങി ദൈവത്തിലും ക്ഷേത്രങ്ങളിലും വിശ്വാസമില്ലാത്തവര്‍ അധികാരത്തിലെത്തുന്നു. അവര്‍ ദേവസ്വങ്ങളെയും ക്ഷേത്രങ്ങളെയും ഭരിക്കുന്നു. ഈ വിരോധാഭാസം നമ്മുടെ രാജ്യത്തല്ലാതെ മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പലതവണ ഇപ്രകാരം അധികാരത്തിലെത്തിയവര്‍ ഇക്കുറി വിശ്വാസങ്ങളെ തച്ചുതകര്‍ത്ത് കോടതിവിധിയുടെ മറവില്‍ വിശ്വാസികളെ മുഴുവന്‍ വെല്ലുവിളിക്കുകയാണ്.
മകരവിളക്ക് മഹോത്സവം കഴിയുന്നതോടെ മറ്റു ക്ഷേത്രങ്ങളിലേക്കും ഈ നയം വ്യാപിപ്പിച്ചുകൂടെന്നില്ല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പകല്‍ സമയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ നിര്‍ബന്ധിക്കാം. വൈശാഖ മാസത്തിന്റെ അവസാന നാളുകളില്‍ അക്കരെ കൊട്ടിയൂരിലും സ്ത്രീകളെ കൊണ്ടുപോകാം. ചക്കുളത്തുകാവില്‍ പൊങ്കാല വരുമ്പോള്‍ പുരുഷന്മാരെക്കൊണ്ടും അതു ചെയ്യിക്കാം. നവോത്ഥാനമെന്നു പറയുന്നത് അതെല്ലാമാണല്ലോ! ഭരണ വൈകല്യങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഏറ്റവും നല്ലൊരു ഉപാധികൂടിയാണിത്.
കോടതികളോട് അതിരുകവിഞ്ഞ ബഹുമാനമോ, കോടതിവിധികള്‍ നടപ്പാക്കാന്‍ അതിരുകവിഞ്ഞ പ്രതിബദ്ധതയോ ഒരിക്കലും ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രകടിപ്പിക്കാറില്ല. ശബരിമലയില്‍ ഈ അഭ്യാസങ്ങളെല്ലാം കാണിക്കുന്നതിനു പുറകില്‍ ഒരു അജണ്ട തന്നെയുണ്ട്. ശബരിമല തുടക്കം മാത്രമാണ്. ഇനി മറ്റു ക്ഷേത്രങ്ങളിലേക്കും തുടര്‍ന്ന് ഇതര സമുദായങ്ങളുടെ ദേവാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ നവോത്ഥാനം പൂര്‍ത്തിയാകും!
ശബരിമല തന്ത്രിയെ മാറ്റണമെന്നും ക്രൂശിക്കണമെന്നും ആക്രോശിക്കുക മാത്രമല്ല, ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുവാനും മന്ത്രിമാരും ഒപ്പം സാംസ്‌കാരിക നായകന്മാരും മത്സരിക്കുകയാണ്. ക്ഷേത്രം, ക്ഷേത്രസങ്കല്‍പം, പ്രതിഷ്ഠ, പ്രതിഷ്ഠാരീതി, ആചാര്യന്റെ പിതൃസ്ഥാനം എന്നിവയെക്കുറിച്ചൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ നാവിട്ടടിച്ചും പ്രസ്താവനയിറക്കിയും പേരുകിട്ടാനും കൂടി ഇക്കൂട്ടര്‍ മത്സരിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ആളിക്കത്തുന്ന അഗ്നിയിലേക്ക് നെയ്യൊഴിക്കകയാണ് ഇവരുടെ ലക്ഷ്യം ! ഓരോ ജനതയ്‌ക്കും അവരര്‍ഹിക്കുന്ന ഭരണകൂടമാണ് ലഭിക്കുകയെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതു മനസ്സില്‍ അടിവരയിട്ടുറപ്പിക്കേണ്ട സമയമായി. നമ്മുടെ പൈതൃകവും പാരമ്പര്യവുമെല്ലാം അന്യം നിന്നുപോകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന സൂചനയാണിതെല്ലാം.
– ടി. സംഗമേശന്‍, താഴെക്കാട്
















