സിഡ്‌നി: സിഡ്‌നിയില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ ചരിത്രത്തിലേക്ക് ചുവടുവയ്‌ക്കുകയാണ്. ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന് ചരിത്രനേട്ടം ഇന്ത്യക്ക് ഇന്ന് സ്വന്തമാകും. മുപ്പത് വര്‍ഷത്തിനുശേഷം സ്വന്തം മണ്ണില്‍ ആദ്യമായി ഫോളോഓണ്‍ ചെയ്യുന്ന കങ്കാരുക്കള്‍ നാലാം ടെസ്റ്റില്‍ തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. നാലാം നാള്‍ കളി നിര്‍ത്തുമ്പോള്‍ അവര്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറു റണ്‍സെടുത്തു.
ഒരു ദിവസത്തെ കളിശേഷിക്കെ ഇന്നിങ്ങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഓസീസിന് ഇനി 316 റണ്‍സ് കൂടി വേണം. പത്ത് വിക്കറ്റും കൈവശമുണ്ട്. ഓപ്പണര്‍മാരായ ഖവാജയും (4) ഹാരിസു(2) മാണ് ക്രീസില്‍. ഓസ്‌ട്രേലിയ ശക്തമായി ചെറുത്ത് നിന്ന് ടെസ്റ്റ് സമനിലയാക്കിയാലും ഇന്ത്യക്ക് പരമ്പര ലഭിക്കും. സിഡ്‌നിയിലും ഓസീസ് വീണ്ടും അടിതെറ്റി വീണാല്‍ ഇന്ത്യയുടെ വിജയത്തിന് മധുരമേറും. 3-1 ന് പരമ്പര സ്വന്തമാകും. പരമ്പരയില്‍ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ് സന്ദര്‍ശകര്‍.
നാലാം ദിനത്തില്‍ മഴമൂലം നാല് മണിക്കൂര്‍ കളി മുടങ്ങിയത് ഓസീസിന് ഗുണമായി. കൃത്യ സമയത്ത് തന്നെ കളി തുടങ്ങിയരുന്നെങ്കില്‍ ആതിഥേയരുടെ കഥനേരത്തെ കഴിഞ്ഞേനേ. ആറു വിക്കറ്റിന് 236 റണ്‍സെന്ന തലേദിവസത്തെ സ്‌കോറിന് ഇന്നിങ്ങ്‌സ് തുടങ്ങിയ ഓസീസിനെ എണ്‍പത് മിനിറ്റിനുളളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചുരുട്ടിക്കെട്ടി. ആറുപത്തി നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏല്ലാവരം പുറത്തായി. 300 ന് ഓള്‍ ഔട്ട്്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി ഉടന്‍ തന്നെ ആതിഥേയരെ ഫോളോ ഓണിനയയച്ചു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഓസീസിന് 423 റണ്‍സ് നേടേണ്ടിയിരുന്നു. 30 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഓസീസ് സ്വന്തം മണ്ണില്‍ ഫോളോഓണ്‍ ചെയ്യുന്നത്്. 1988 ല്‍ ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലാണ് അവര്‍ അവസാനമായി ഫോളോ ഓണ്‍ ചെയ്തത്്. അന്ന് മത്സരം സമനിലയായി.
അഞ്ചാം ദിനമായ ഇന്ന് കാലാവസ്ഥ അനുകൂലമായാല്‍ ഇന്ത്യക്ക് വിജയം നേടാനായേക്കും. സ്പിന്നിനെ തുണച്ചു തുടങ്ങിയ പിച്ചില്‍ കുല്‍ദീപ് യാദവും ജഡേജയും തകര്‍ത്തെറിഞ്ഞാല്‍ കങ്കാരുപ്പട തോറ്റുതുന്നംപാടും.
ആദ്യ ഇന്നിങ്ങ്‌സില്‍ 99 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പിഴുതെടുത്ത കുല്‍ദീപ് യാദവ് മിന്നുന്ന ഫോമിലാണ്. ജഡേജ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 73 റണ്‍സാണ് വിട്ടുകൊടുത്തത്. മുഹമ്മദ് ഷമി 58 റണ്‍സിന് രണ്ട് പേരെ വീഴ്‌ത്തി.
ഓസീസിനായി ഓപ്പണര്‍ ഹാരിസ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 79 റണ്‍സ് നേടി. ഹാന്‍ഡ്‌സ്‌കോമ്പ് 37 റണ്‍സും ലബുഷെയ്ന്‍ 38 റണ്‍സും നേടി. സ്റ്റാര്‍ക്ക്് 29 റണ്‍സുമായി പുറത്താകാതെ നിന്നു.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: ഏഴു വിക്കറ്റിന് 622 ഡിക്ലയേര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ്: എം.എസ്. ഹാരിസ് ബി ജഡേജ 79, യു.ടി. ഖവാജ സി പൂജാരി ബി കുല്‍ദീപ് യാദവ് 27, എം. ലബുഷെയ്ന്‍ സി രഹാനെ ബി മുഹമ്മദ് ഷമി 38, എസ്.ഇ. മാര്‍ഷ് സി രഹാനെ ബി ജഡേജ 8, ടി.എം. ഹെഡ് സി ആന്‍ഡ് ബി കുല്‍ദീപ് യാദവ് 20, പി.എസ്.പി. ഹാന്‍ഡ്‌സ്‌കോമ്പ് ബി ബുംറ 37, ടി.ഡി.പെയ്ന്‍ ബി കുല്‍ദീപ് യാദവ് 5, പി.കെ കമിന്‍സ് ബി മുഹമ്മദ് ഷമി 25, എം.എ. സ്റ്റാര്‍ക്ക് നോട്ടൗട്ട് 29, എന്‍.എം. ലിയോണ്‍ എല്‍.ബി.ഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 0, ജെ.ആര്‍. ഹെയ്‌സല്‍വുഡ് എല്‍.ബി.ഡബ്‌ളിയു ബി കുല്‍ദീപ് 21, എക്‌സ്ട്രാസ് 11, ആകെ 300.
വിക്കറ്റ് വീഴ്ച: 1-72, 2-128, 3-144, 4-152, 5-192, 6-198, 7-236, 8-257, 9-258.
ബൗളിങ്ങ്: മുഹമ്മദ് ഷമി 19-2-58-2, ജെ.ജെ.ബുംറ 21-5-62-1, ആര്‍.എ. ജഡേജ 32-11-73-2, കുല്‍ദീപ് യാദവ് 31.5-6-99-5, വിഹാരി 1-0-2-0.
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സ്: യു.ടി ഖവാജ നോട്ടൗട്ട് 4, എം.എസ്. ഹാരിസ് നോട്ടൗട്ട് 2, എക്‌സ്ട്രാസ് 0, ആകെ വിക്കറ്റ് നഷ്ടം കൂടാതെ 6.
ബൗളിങ്ങ്: മുഹമ്മദ് ഷമി 2-1-4-0, ജെ.ജെ. ബുംറ 2-1-2-0.
















