പാലക്കാട്: സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും പാലക്കാട്ട് സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമം തുടരുന്നു.
ശനിയാഴ്ച രാത്രി ആര്‍എസ്എസ് പട്ടാമ്പി ഖണ്ഡ് സഹകാര്യവാഹ് കെ. സനൂഷിനെ ഒരുസംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കണ്ട് മടങ്ങുമ്പോഴാണ് ആക്രമണം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെട്ടുകയായിരുന്നു.
അട്ടപ്പാടി കള്ളമലയില്‍ ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി പി.ജി. ഗോപകുമാറിനെയും, പ്രവര്‍ത്തകന്‍ അനൂപിനേയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി വടക്കഞ്ചേരി മുടപ്പല്ലൂരില്‍ പ്രകടനം കഴിഞ്ഞുവരികയായിരുന്ന ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചു. ബിജെപി പ്രവര്‍ത്തകരായ പ്രദീപ്, ഹരിപ്രസാദ്, രാഹുല്‍, സുഭാഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
















