അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്ക്് ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ശക്തരായ ചൈനയേയും ഒമാനെയും അടുത്തിടെ സമനിലയില്‍ തളച്ച ഇന്ത്യ മികച്ച ഫോമിലാണ്.
ഞങ്ങള്‍ എതിരാളികള്‍ക്ക് മുന്നില്‍ അനായസാം കീഴടങ്ങില്ല. തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ടീമാണ് ഞങ്ങള്‍. പരിശീലന മത്സരങ്ങളില്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. വിജയത്തിനായി ഒരു പദ്ധതി തന്നെ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന്് ഛേത്രി പറഞ്ഞു.
യുഎഇയില്‍ ശനിയാഴ്ച മുതല്‍ ഫെബ്രുവരി അഞ്ചുവരെയാണ് ഏഷ്യന്‍ കപ്പ് അരങ്ങേറുക. നാല് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എ യിലാണ്. തായ്‌ലന്‍ഡ്, ബഹ്‌റിന്‍, ആതിഥേയരായ യു്എഇ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇന്ത്യ ആദ്യ മത്സരത്തില്‍ ഞായറാഴ്ച തായ്‌ലന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ പത്തിന് ഇന്ത്യ യുഎഇയുമായി മാറ്റുരയ്‌ക്കും. 14 ന് അവസാന മത്സരത്തില്‍ ബഹ്‌റിനെ എതിരിടും. ഷാര്‍ജയിലാണ് ഈ മത്സരം.
ഏഷ്യയിലെ പതിനഞ്ചാം നമ്പര്‍ ടീമാണ് ഇന്ത്യ. അടുത്തിടെ പരിശീലന മത്സരങ്ങളില്‍ ചൈനയേയും ഒമാനെയും സമനിലയില്‍ പിടിച്ചുനിര്‍ത്തി. പക്ഷെ ജോര്‍ദാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ചൈനയും (76-ാം റാങ്ക്) ഒമാനും (82-ാം റാങ്ക്) റാങ്കിങ്ങില്‍ ഇന്ത്യയെ (97)ക്കാള്‍ മുന്നിലുള്ള രാജ്യങ്ങളാണ്.
















