ജനുവരി ഒന്നിന് പണിയുന്ന വനിതാമതിലിന്റെ നിര്‍മാണചെലവ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും ഈടാക്കുന്നതായ വാര്‍ത്തകള്‍ കാണുന്നു! പെന്‍ഷന്‍തുക കൈപ്പറ്റുമ്പോള്‍ നൂറുരൂപയുടെ റസീറ്റ് നല്‍കുകയാണത്രേ! ലജ്ജാകരം.
സംസ്ഥാനത്ത് പ്രായംചെന്ന ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ പലതരത്തിലുള്ള ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്.
ഈ തുക ഇന്നത്തെ ജീവിതച്ചെലവിനുതന്നെ മതിയാകാത്തതാണ്. ഇത്തരം സാഹചര്യത്തില്‍ അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും പണം ഈടാക്കുന്നത് കഷ്ടമല്ലേ? പ്രായംചെന്നവരും അംഗവൈകല്യം സംഭവിച്ചവരും പ്രതിഷേധിക്കുവാന്‍ വരില്ലെന്ന ചിന്തയല്ലേ ഇതിനുപിന്നില്‍? ക്ഷേമപെന്‍ഷന്‍കാരില്‍നിന്നും പണംപിരിച്ച് മതില്‍കെട്ടുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്.
ശ്രീജിത്ത് വഞ്ഞോട്,
മരുതായി, മട്ടന്നൂര്‍
ഒരു മണ്ഡലകാലത്തിന്റെ ബാക്കിപത്രം
ആചാരലംഘനങ്ങള്‍ക്കൊന്നും ഇടവരുത്താതെ ഇത്തവണത്തെ മണ്ഡലകാലം സമാപിച്ചപ്പോള്‍ ലക്ഷക്കണക്കിനു അയ്യപ്പഭക്തര്‍ ആശ്വാസംകൊണ്ടുകാണും. ക്ഷേത്രത്തിനും ഭക്തര്‍ക്കും സുരക്ഷയൊരുക്കേണ്ട പോലീസ്തന്നെ ആചാരലംഘനം നടത്തിയതു മാത്രമാണ് ഇത്തവണത്തെ ദുരന്തം! ക്ഷേത്രസങ്കേതത്തില്‍ ബൂട്ടിട്ട് നിലയുറപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനില്‍ നിന്നും പരിഹാരക്രിയകള്‍ക്കു വന്ന ചെലവ് മുഴുവന്‍ ഈടാക്കാതെ, ഭക്തര്‍ മനമുരുകി സമര്‍പ്പിച്ച കാണിക്ക അതിനു വേണ്ടി വിനിയോഗിച്ചത് അങ്ങേയറ്റം ക്രൂരതയാണ്.
ശരണംവിളികള്‍ മുഴങ്ങേണ്ട കേരളത്തിലെ ക്ഷേത്രങ്ങള്‍ ഈ മണ്ഡലകാലത്ത് പൊതുവെ നിശ്ശബ്ദമായിരുന്നു. ശബരിമലയില്‍ പോലീസ് രാജ് വന്നതോടെ മലയാളിയുടെ മനസ്സ് മടുത്തു. നിയന്ത്രണങ്ങള്‍ ക്രമമായി കുറെയൊക്കെ കുറച്ചു കൊണ്ടുവന്നെങ്കിലും മാലയിട്ട് മല ചവിട്ടാന്‍ മലയാളി പൊതുവെ മടിച്ചു.
സ്ത്രീകളോട് ശബരിമല കയറാന്‍ കോടതി പറഞ്ഞിട്ടില്ലെങ്കിലും കോടതി വിധി നടപ്പാക്കാന്‍ ആമീനെപ്പോലെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. ശബരിമലയുടെ ഭരണം ബോര്‍ഡിനല്ലെന്നും ബോര്‍ഡ് വെറും നോക്കുകുത്തിയാണെന്നും ഇത്തവണ ഭക്തര്‍ തിരിച്ചറിഞ്ഞു. പ്രളയം സൃഷ്ടിച്ച പരാധീനതകള്‍ പരിഹരിക്കാന്‍ സമയമുണ്ടായിട്ടും ഒന്നും ചെയ്യാത്തതുമൂലം അനുഭവപ്പെട്ട കുറവുകളെല്ലാം സഹിച്ചും ലക്ഷങ്ങള്‍ മല കയറി.
ടി. സംഗമേശന്‍, താഴെക്കാട്
യുവതലമുറയെ വഴിതെറ്റിക്കരുത്
2019നെ സ്വാഗതം ചെയ്യുന്നതിനായി കേരളം ഒരുങ്ങുന്നു. എന്നാല്‍ ഈ പുതുവര്‍ഷം നന്മ നിറഞ്ഞതും സമാധാനപരവുമാകണമെങ്കില്‍ ഇതിന്റെ തുടക്കവും അതുപോലെയായിരിക്കണ്ടേ? പലരും മദ്യം, സിഗറെറ്റ്, ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവ ആദ്യമായി ജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു ദിനമാണ് ഡിസംബര്‍ 31, അതായത് പുതുവര്‍ഷത്തലേന്ന്. പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ യുവതലമുറയെ വഴിതെറ്റിക്കുന്ന ഈ സംസ്‌കാരം നമ്മുടെ നാട്ടിന് ആവശ്യമുണ്ടോ?
– രശ്മി പരമേശ്വരന്‍
















