തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും എത്തി ബിജെപിയുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രവര്‍ത്തകരുടെയും വിശിഷ്ട വ്യക്തികളുടേയും പ്രാര്‍ഥന വൃഥാവിലാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.
ശബരിമലയെ തകര്‍ക്കാനുള്ള എകെജി സെന്ററിന്റെ ഗൂഢാലോചനയ്‌ക്ക് എതിരെ ആദ്യമായി സമര രംഗത്ത് ഇറങ്ങിയത് ബിജെപിയാണ്. അതില്‍ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പജ്യോതിയില്‍ 20 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. ഇത് കണ്ട പിണറായി വിജയന്‍ സര്‍ക്കാര്‍ വിറളിപിടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. സ്ത്രീ ശാക്തീകരണം നടത്തുന്നു എന്ന് പറയുന്ന ഇടതുപക്ഷം കെ.ആര്‍. ഗൗരിയമ്മയ്‌ക്ക് അധികാരം നല്‍കാതെ അടിച്ചോടിക്കുകയായിരുന്നു.
വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ തയാറല്ല എന്നാണ് പറയുന്നത്. പല കമ്യൂണിസ്റ്റുകാരുടെ ഭാര്യമാരും ശബരിമലയിലെ ആചാരം ലംഘിക്കാന്‍ തയാറാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലെ സത്യാഗ്രഹ പന്തലില്‍ നടന്ന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമെന്നറിഞ്ഞ് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ശരണമന്ത്രങ്ങളുമായി സമര പന്തലില്‍ തടിച്ചുകൂടി. നിരവധി ബിജെപി നേതാക്കളും മറ്റ് പ്രമുഖരും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സമരപ്പന്തലില്‍ എത്തിയിരുന്നു.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, രേണു സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീജാ സുദര്‍ശന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു, കോട്ടയം മണര്‍കാട് പള്ളിയിലെ വൈദികര്‍ ഫാ. തോമസ് കുളത്തിങ്കല്‍, ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത്, നടി പ്രവീണ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.പി. വാവ, ജി. രാമന്‍ നായര്‍, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്‍, മുസ്ലീം ലീഗില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഇമാം ഉസ്മാന്‍ ഹാജി, പ്രശസ്ത തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവര്‍ ശോഭാ സുരേന്ദ്രനെ പൊന്നാട അണിയിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
















